കേരള കോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി നിലവിലെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനെ പ്രഖ്യാപിച്ചു. പുതിയ ചെയര്‍മാനെ പ്രഖ്യാപിക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരും. ചെയര്‍മാനെയും കക്ഷി നേതാവിനെയും ഉടന്‍ തെരഞ്ഞെടുക്കും. പാര്‍ട്ടി നിയമാനുസൃതമായിരിക്കും തീരുമാനം. കെ എം മാണി അനുസ്മരണം ബുധനാഴ്ച തിരുവനന്തപുരത്ത് നടത്താനും തീരുമാനമായിട്ടുണ്ട്.
നേരത്തെ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്നാണ് മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ തള്ളി പി ജെ ജോസഫ് രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ തന്നെ താല്‍ക്കാലിക ചെയര്‍മാനാക്കി തര്‍ക്കം പരിഹരിക്കുന്നത്. ജോസ് കെ മാണി ചെയര്‍മാനാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നാണ് പിജെ ജോസഫ് പ്രതികരിച്ചത്. അതേസമയം സി എഫ് തോമസ് ചെയര്‍മാനാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും ജോസഫ് പറഞ്ഞിരുന്നു.
ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചിരുന്നു. തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞതിന് മണിക്കൂറുകള്‍ക്കകമാണ് പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
ജോസ് കെ മാണി ചെയര്‍മാനാകണമെന്നും സി എഫ് തോമസ് കക്ഷി നേതാവാകണമെന്നും ആവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡന്റുമാര്‍ സി എഫ് തോമസിനെ കണ്ടിരുന്നു. സി എഫ് തോമസും കക്ഷിനേതാവാകാനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
This post was last modified on May 13, 2019 3:24 pm
Leave a Comment