X

ടിക്കാറാം മീണ യുഡിഎഫിന്റെ കള്ളവോട്ട് പ്രചരണത്തിന്റെ ഭാഗമായി: ആഞ്ഞടിച്ച് കോടിയേരി

ഏത് വിധേയത്തിലുള്ള പരിശോധനയോടും സിപിഎമ്മിന് ഭയമില്ല. പക്ഷെ പരിശോധന ഏകപക്ഷീയമാകരുതെന്നും കോടിയേരി

സംസ്ഥആന മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ യുഡിഎഫിന്റെ കള്ളവോട്ട് പ്രചരണത്തിന്റെ ഭാഗമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നിയമവിധേയമായി മാത്രമാണ് പ്രവര്‍ത്തിക്കാനാകൂ. എന്നാല്‍ അതിന് എതിരായ പ്രവര്‍ത്തനമാണ് മീണയില്‍ നിന്നുണ്ടായത്.

കള്ള വോട്ടിന്റെ പേരില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുന്നത് അതിനാലാണ്. ഒരുകൂട്ടം മാധ്യമങ്ങള്‍ നയിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കണ്ടയാളല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. ഒരുകൂട്ടം മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും കളിപ്പാവയാകരുത്. കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം ഉയരുന്നുണ്ട്.

ഏത് വിധേയത്തിലുള്ള പരിശോധനയോടും സിപിഎമ്മിന് ഭയമില്ല. പക്ഷെ പരിശോധന ഏകപക്ഷീയമാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. 156 ബൂത്തുകളെക്കുറിച്ച് എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ബൂത്തുകളില്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധന നടത്തിയില്ലെന്നും കോടിയേരി പത്രസമ്മേളനത്തില്‍ ചോദിച്ചു. ഓപ്പണ്‍ വോട്ട് എന്നൊരു സംവിധാനമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സഹായി വോട്ടെന്ന നിലയിലുള്ള വോട്ടിനെയാണ് ഓപ്പണ്‍ വോട്ടെന്ന് ഇവിടെ സാധാരണഗതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ പ്രത്യേക ഫോമില്‍ ഒപ്പുവച്ചാണ് ഇത്തരം വോട്ട് രേഖപ്പെടുത്തുന്നത്.

എന്നാല്‍ പിലാത്തറ സംഭവത്തില്‍ അത്തരമൊരു വോട്ട് സമ്മതിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. എല്‍ഡിഎഫിനെതിരായ മീണയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടിയേരി അറിയിച്ചു.

This post was last modified on April 30, 2019 1:31 pm