X

18 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യുവിന് യൂണിറ്റ്; പ്രകടനം പോലീസ് തടഞ്ഞു; ഭാരവാഹികളെ മാത്രം കടത്തിവിട്ടു

സെക്രട്ടേറിയറ്റിന് മുന്നില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് നിരാഹാരം സമരം നടത്തുന്ന പന്തലില്‍ വച്ചാണ് യൂണിറ്റ് രൂപീകരിച്ചത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ എസ് യു. കോളേജിലെ എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് നിരാഹാരം സമരം നടത്തുന്ന പന്തലില്‍ വച്ചാണ് യൂണിറ്റ് രൂപീകരിച്ചത്.

അമല്‍ ചന്ദ്രയാണ് യൂണിറ്റ് പ്രസിഡന്റ്. ആര്യ എസ് നായര്‍ വൈസ്പ്രസിഡന്റാകും. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എസ്എഫ്‌ഐ നല്‍കുന്നില്ലെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ മുഖ്യ ആരോപണം.

ഇതിനിടെ ഒരാഴ്ചയിലേറെയായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് വീണ്ടും തുറന്നു. കനത്ത പോലീസ് സുരക്ഷയിലാണ് കോളേജിലെ അധ്യയനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഐഡി കാര്‍ഡ് പരിശോധിച്ചാണ് പോലീസ് അകത്തേക്ക് വിട്ടത്. കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതോടെയാണ് കോളേജ് അടച്ചത്. കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സര്‍വകലാശാല പരീക്ഷയുടെ ഉത്തരമെഴുതുന്ന പേപ്പറുകളും ഒരു അധ്യാപകന്റെ സീലും കണ്ടെത്തിയിരുന്നു.

ഇതോടെ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിനപ്പുറത്തേക്കുള്ള കേസായി ഇത് മാറി. ശിവരഞ്ജിത്തിനെതിരെ പോലീസ് പരീക്ഷാ ക്രമക്കേടിനും വ്യാജരേഖാ ചമയ്ക്കലിനുമാണ് കേസെടുത്തിരിക്കുന്നത്.

യൂണിറ്റ് രൂപീകരണത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നീങ്ങിയ കെ എസ് യു പ്രവര്‍ത്തകരെ സ്‌പെന്‍സര്‍ ജംഗ്ഷനില്‍ വച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തായിരുന്നു ഇത്. ചര്‍ച്ചകള്‍ക്ക് ശേഷം ആറ് ഭാരവാഹികളെ മാത്രം കോളേജിലേക്ക് കടക്കാന്‍ അനുവദിച്ചു.

read more:കനത്ത പോലീസ് കാവൽ, മാധ്യമപട; സംഘർഷങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ വീണ്ടും യൂണിവേഴ്സിറ്റി കോളേജിലേക്ക്

This post was last modified on July 22, 2019 12:16 pm