X

ലിഗയുടെ മരണം: രാസപരിശോധനാ ഫലം ഇന്ന്, അറസ്റ്റ് വൈകും

കേസില്‍ മൂന്ന് പ്രതികളുള്‍പ്പെടെ പത്തിലേറെ പേരാണ് കസ്റ്റഡിയിലുള്ളത്

കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശി ലിഗയുടെ കൊലപാതകത്തിലെ അന്വേഷണം അന്തിമഘട്ടത്തിലേക്കെന്ന് സൂചന. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് സൂചന. ലിഗയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നെന്ന് കരുതുന്ന വള്ളത്തില്‍ നിന്നും ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.

കേസില്‍ മൂന്ന് പ്രതികളുള്‍പ്പെടെ പത്തിലേറെ പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇനിയും വൈകുമെന്നാണ് അറിയുന്നത്. രാസപരിശോധന ഫലം വിശദമായി പഠിച്ച ശേഷം മാത്രമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. എല്ലാ വശങ്ങളും നോക്കി മാത്രമേ ഓരോ സ്‌റ്റെപ്പും എടുക്കുകയുള്ളൂവെന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇതിനിടെ ലിഗയുടെ മരണത്തിന്റെ പേരില്‍ പണം പിരിച്ചെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ കമ്മിഷണര്‍ ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. ലിഗയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരെ കേസെടുത്തത് വന്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

This post was last modified on April 30, 2018 10:30 am