X

ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ മരിച്ച നിലയില്‍

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹായിയായിരുന്നു

ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇരുപത്തിയെട്ട് വയസ്സായിരുന്നു. തിരുവനന്തപുരം ആല്‍ത്തറയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയാണ് സിനിമയില്‍ സജീവമായിരുന്നത്. ക്രോസ് റോഡ് എന്ന ആന്തോളജി സിനിമയില്‍ പക്ഷികളുടെ മണം എന്ന സെഗ്മെന്റ് സംവിധാനം ചെയ്തത് നയനയാണ്.

ലെനിന്റെ മരണത്തിന് ശേഷം നയന കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം ഷുഗര്‍ സംബന്ധമായ അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി മലയാള സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

മലയാള സിനിമ സംവിധാന രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു നയന. ഇന്നലെ നയനയുടെ പിറന്നാള്‍ ദിവസമായിരുന്നു. സുഹൃത്തുക്കള്‍ തേടിയെത്തിയപ്പോഴാണ് അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12.45 മുതല്‍ 1.30 വരെ മൃതദേഹം തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

(ആദ്യം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് മരണം ആത്മഹത്യ എന്നാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷുഗര്‍ കുറഞ്ഞതാണ് മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു)

This post was last modified on February 24, 2019 12:03 pm