X

മെല്‍ബണില്‍ മലയാളി യുവാവിന്റെ കൊലപാതകം: ഭാര്യയ്ക്ക് 22 വര്‍ഷം തടവ്

തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനേഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കൊല്ലപ്പെട്ട പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിന്റെ (34) മരണത്തില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രിംകോടതി പ്രഖ്യാപിച്ചു. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവും തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സയനേഡ് നല്‍കിയാണ് ഇരുവരും സാമിനെ കൊലപ്പെടുത്തിയത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ഫെബ്രുവരിയിലാണ് കോടതി വിധിച്ചത്.

മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരനായിരുന്നു സാം. 2015 ഒക്ടോബര്‍ 13നാണ് ഇയാളെ എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലമാണ് മരണം സംഭവിച്ചതെന്ന് സോഫിയ ബന്ധുക്കളെ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ച ശേഷം മകനൊപ്പം മെല്‍ബണിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിലും കരളിലും അമിത അളവില്‍ സനേഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് പത്ത് മാസത്തെ അന്വേഷണത്തിന് ശേഷം 2016 ഓഗസ്റ്റ് 12ന് ഇരുവരെയും അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ഇരുവരും റിമാന്‍ഡിലാണ്.

2014 ജനുവരിയില്‍ സോഫിയയും അരുണും ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറി കുറിപ്പുകളും സംഭവ ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. അരുണിനോട് സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തു. തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനേഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അരുണിന് മനോദൗര്‍ബല്യമുണ്ടെന്നും ജയിലില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല. ഏറെ നാളായി ഇയാള്‍ ഭാര്യയില്‍ നിന്നും നാല് വയസ്സുള്ള മകനില്‍ നിന്നും പിരിഞ്ഞു കഴിയുകയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 21, 2018 11:36 am