X

‘നാട്ടിലേക്ക് സ്വാഗതം’: ട്രംപ് അമേരിക്ക വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇല്‍ഹാന്‍ ഒമറിന് മിനസോട്ടയില്‍ ഉജ്ജ്വല സ്വീകരണം

ഇല്‍ഹാനെ സ്വീകരിക്കുമ്പോള്‍ ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിംഗായ ഐ സ്റ്റാന്‍ഡ് വിത്ത് ഇല്‍ഹാന്‍ (I Stand With Ilhan) എന്ന മുദ്രാവാക്യവും അണികള്‍ മുഴക്കുന്നുണ്ടായിരുന്നു

ഇല്‍ഹാന്‍ ഒമറിന് മിനസോട്ടയില്‍ ഗംഭീരമായ സ്വീകരണം. ‘നാട്ടിലേക്ക് സ്വാഗതം’ എന്ന മുദ്രാവാക്യം വിളികളുമായാണ് അവരെ ജനങ്ങള്‍ സ്വീകരിച്ചത്. ട്രംപിനെതിരായ പോരാട്ടത്തില്‍ നിന്നും തങ്ങള്‍ ആരും പിന്തിരിയില്ലെന്നും തങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും ഇല്‍ഹാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ ഒമറിനെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ് സംസാരിച്ചപ്പോള്‍ ‘അവളെ തിരിച്ചയക്കൂ’ എന്ന മുദ്രാവാക്യം വിളികളോടെയാണ് ട്രംപ് അനുകൂലികള്‍ അതേറ്റെടുത്തത്.

ഇല്‍ഹാനെ സ്വീകരിക്കുമ്പോള്‍ ഐ സ്റ്റാന്‍ഡ് വിത്ത് ഇല്‍ഹാന്‍ (I Stand With Ilhan) എന്ന, ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിംഗായ, മുദ്രാവാക്യവും അണികള്‍ മുഴക്കുന്നുണ്ടായിരുന്നു. വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ ട്രംപിനെ ശാസിക്കുന്ന ഒരു പ്രമേയം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുഎസ് പ്രധിനിധിസഭ പാസ്സാക്കിയത്.  പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരും പുതുമുഖങ്ങളുമായ, ആ സഭയില്‍ തന്നെയുള്ള, നാലു വനിതകളാണ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കിരയായത്. അവരാരും വെള്ളക്കാരുമല്ല. അതുകൊണ്ടുതന്നെ അവര്‍ അമേരിക്കക്കാരല്ലെന്നും, അമേരിക്കയെ പഠിപ്പിക്കാന്‍ തല്‍ക്കാലം വരേണ്ടെന്നുമാണ് ട്രംപിന്റെ നിലപാട്. അവര്‍ എവിടെ നിന്നാണ് വന്നത് അവിടേക്കു തന്നെ തിരിച്ചുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്ലി ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ്. ത്‌ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോര്‍ട്ടെസ് ന്യൂയോര്‍ക്ക്-പ്യൂര്‍ട്ടോറിക്കന്‍ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ പുരോഗമനവാദികളും ഇടതുപക്ഷ ചായ്വുള്ള നയങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരുമാണ്.

‘തീര്‍ത്തും തകര്‍ന്നതും കുറ്റകൃത്യങ്ങള്‍ നിറഞ്ഞതുമായ സ്ഥലങ്ങളില്‍നിന്നു വന്ന അവര്‍ അവിടങ്ങളിലെ കാര്യങ്ങള്‍ നേരെയാക്കാനായി എന്തുകൊണ്ടാണ് അങ്ങോട്ടേക്കു തന്നെ തിരിച്ചു പോകാത്തത്?’ എന്നായിരുന്നു ട്രംപിന്റെ വംശീയത നിറഞ്ഞ ട്വീറ്റുകളില്‍ ഒന്ന്. എന്നാല്‍ അതില്‍ മൂന്നു പേരും അദ്ദേഹം പറയുന്നതു പോലെ ഏതെങ്കിലും അന്യരാജ്യത്തുനിന്നു വന്നവരല്ല, അമേരിക്കയില്‍തന്നെ ജനിച്ചു വളര്‍ന്നവരാണ്. പക്ഷേ, ഇവരൊന്നും വെള്ളക്കാരല്ല. അതാണ് അവര്‍ അമേരിക്കക്കാരല്ലെന്ന മട്ടില്‍ ട്രംപ് സംസാരിക്കാനുള്ള കാരണം.

read more:കനത്ത മഴ: ആശങ്കയുണർത്തി വീണ്ടും ഡാമുകൾ, ആറെണ്ണം തുറന്നു, പെരിങ്ങൽക്കുത്ത് പരമാവധി സംഭരണ ശേഷിക്ക് അരികെ

This post was last modified on July 20, 2019 11:10 am