X

മോദിയുടെ മോടി കൂട്ടാന്‍ 4300 കോടി രൂപ പരസ്യങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കും

കുറച്ചു ചെയ്യുക കൂടുതല്‍ പ്രചരിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ശൈലിയെന്ന വിമര്‍ശനത്തിനു ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍

വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് വരെ ചിലവഴിച്ചത് 4300 കോടി രൂപ. മുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗാലിയാണ് കേന്ദ്രത്തിന്റെ ബ്യുറോ ഓഫ് ഔട്ട്‌റീച് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ (ബിഒസി)യില്‍ നിന്ന് വിവരാകാശ രേഖയിലൂടെ തേടിയ വിവരങ്ങള്‍ പുറത്തു വിട്ടത്. ബിഒസി യുടെ ധനകാര്യ ഉപദേഷ്ടാവ് നല്‍കിയ മറുപടിയില്‍ ആകെ 4343.26 കോടി രൂപയാണ് പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചിലവഴിച്ചതെന്നു പറയുന്നു.

പ്രചാരണങ്ങള്‍ക്കായി ആകെ 953.54 കോടി ചെലവഴിച്ചു. ഇതില്‍ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കണക്കാണിത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്കു പരസ്യത്തിനായി ചെലവഴിച്ച തുകയില്‍ വര്‍ധനയുണ്ടായി. പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്ക് 118.43 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപയാണ് ചെലവിട്ടത്. 2016-17 ല്‍ 1,263.15 കോടി രൂപയാണു സര്‍ക്കാര്‍ നീക്കിവച്ചത്. പ്രിന്റ് മീഡിയയ്ക്ക് ഇക്കാലയളവില്‍ കുറവു പണമാണു നീക്കിവച്ചത്. 463.38 കോടി രൂപയാണു ചെലവിട്ടത്.

എന്നാല്‍ ഇലക്ട്രോണിക് മീഡിയയ്ക്കു കൂടുതല്‍ പണം ചെലവിട്ടു- 613.78 കോടി രൂപ. ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്ക് 185.99 കോടി രൂപയാണ് ഇക്കാലയളവില്‍ ചെലവിട്ടത്. 2017 ഏപ്രില്‍ മുതല്‍ – 2018 മാര്‍ച്ച് വരെ ഇലക്ട്രോണിക് മീഡിയയ്ക്കു ചെലവിട്ട പണം മുന്‍വര്‍ഷത്തേത്തിനെക്കാള്‍ കുറവായിരുന്നു. – 475.13 കോടി രൂപ. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി ചെലവും കുറവായിരുന്നു – 147.10 കോടി രൂപ.

കേന്ദ്രസര്‍ക്കാരുകളുടെ കണക്കുകളില്‍ ഈ വിഭാഗത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കുറച്ചു ചെയ്യുക കൂടുതല്‍ പ്രചരിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ശൈലിയെന്ന വിമര്‍ശനത്തിനു ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.

This post was last modified on May 15, 2018 10:23 am