X

കല്ലട ബസിനെ ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി തല്ലി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പോലീസ് പരാതി നിര്‍ബന്ധിച്ച് പിന്‍വലിച്ചെന്നും വെളിപ്പെടുത്തല്‍

കല്ലട ട്രാവല്‍സിന്റെ ബസിനെ മറികടന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി തല്ലിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലടയുടെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനൊപ്പമാണ് പുതിയ വെളിപ്പെടുത്തലുകളും ഉണ്ടാകുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.

പോലീസില്‍ പരാതിപ്പെട്ടെങ്കിലും സമ്മര്‍ദ്ദം ചെലുത്തി പോലീസ് തന്നെ പരാതി പിന്‍വലിച്ചതായി യുവാവ് വെളിപ്പെടുത്തുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്. മീഞ്ചന്ത ബൈപ്പാസിലൂടെ അമിത വേഗത്തില്‍ പായുന്നതിനിടെ ഒരു ട്രാഫിക് സിഗ്നലിലാണ് ബൈക്ക് യാത്രികന്‍ ബസിനെ മറികടന്നത്. പിന്തുടര്‍ന്നെത്തിയ ബസ് ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് സഡന്‍ ബ്രേക്കിട്ടു. പിന്നാലെ ചാടിയിറങ്ങിയ ക്ലീനര്‍ കാര്യമൊന്നും പറയാതെ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചു.

പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അന്നത്തെ മെഡിക്കല്‍ കോളേജ് എസ്‌ഐ എ ഹബീബുള്ളയാണ് സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിച്ചതെന്നും യുവാവ് പറയുന്നു. മറ്റൊരു കേസില്‍ കൈക്കൂലി വാങ്ങിയതിന് നിലവില്‍ സസ്‌പെന്‍ഷനിലാണ് ഹബീബുള്ള.

കഴിഞ്ഞ നവംബറിലാണ് സംഭവമുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവാവ്.