X

ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ഹണീ ട്രാപ്പ് റിപ്പോര്‍ട്ട്

മാധ്യമങ്ങളെ നയിക്കേണ്ടത് സാമൂഹിക താല്‍പര്യങ്ങളാണെന്നും അല്ലാതെ വാണിജ്യ താല്‍പര്യങ്ങളല്ലെന്നും പിഎസ് ആന്റണി

ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഹണീട്രാപ്പ് വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ജഡ്ജി പിഎസ് ആന്റണിയുടെ ശുപാര്‍ശ. ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് രണ്ട് വാല്യങ്ങളിലായി 405 പേജുകളാണ് ഉള്ളത്. സ്വകാര്യതയിലേക്ക് കടന്നുകയറ്റം ഒഴിവാക്കുന്നതിന്‌ നിയമനിര്‍മ്മാണം വേണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഹണീട്രാപ്പ് സ്വകാര്യതയുടെ ലംഘനമാണോയെന്ന് അന്വേഷിക്കണമെന്നും ശുപാര്‍ശയിലുണ്ട്. മാധ്യമങ്ങളെ നയിക്കേണ്ടത് സാമൂഹിക താല്‍പര്യങ്ങളാണെന്നും അല്ലാതെ വാണിജ്യ താല്‍പര്യങ്ങളല്ലെന്നും നേരത്തെ പിഎസ് ആന്റണി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ച് നിയമനടപടിക്ക് ശുപാര്‍ശ ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ മാധ്യമരംഗത്തെ നവീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.