X

കുറ്റപത്രം ഇനി വൈകും; ദിലീപ് വെളിയില്‍ നില്‍ക്കുന്നതില്‍ പൊലീസിന് ആശങ്ക

ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തിരക്കിട്ട് സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറ്റപത്രം ഈയാഴ്ച നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ മുഴുവന്‍ ലഭിച്ചിട്ടില്ല. ഇത് മുഴുവന്‍ കിട്ടിയ ശേഷം മതി കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നാണ് പോലീസിന്റെ പുതിയ തീരുമാനമെന്നാണ് അറിയുന്നത്.

അതേസമയം ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ആശങ്ക പോലീസിനുണ്ട്. ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യവുമില്ലാതായിരിക്കുന്നു. അറസ്റ്റിലായി 85-ാം ദിവസമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. തൊണ്ണൂറ് ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു.

ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസിന്റെ നീക്കമാണ് പാളിയത്. ദിലീപിന് സിനിമാരംഗത്തുള്ള ശക്തമായ ബന്ധങ്ങള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പോലീസിന്റെ ആശങ്ക. നേരിട്ട് ഇടപെട്ടില്ലെങ്കില്‍ പോലും സാക്ഷികള്‍ മൊഴിമാറ്റുമെന്നാണ് ആശങ്കപ്പെടുന്നത്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിടിച്ചെടുത്ത മുപ്പതോളം മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ദിലീപിന്റേത് ഉള്‍പ്പെടെ പ്രധാനപ്പെട്ട ഏതാനും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ കേസിന് മുന്‍ഗണന നല്‍കി തിരക്കിട്ട് ഫോണുകളുടെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കി വരികയാണ്.

This post was last modified on October 4, 2017 11:00 am