X

പുത്തുമലയിലുണ്ടായത് ഉരുള്‍ പൊട്ടലല്ല, മണ്ണിടിച്ചില്‍: കാരണങ്ങള്‍ നിരത്തി മണ്ണ് സംരക്ഷണ ഓഫീസര്‍

ഒമ്പത് സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ 20 ഹെക്ടര്‍ ഭൂമിയാണ് ഒരുമിച്ച് താഴേക്ക് കുത്തിയൊലിച്ച് പോയത്‌

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ലെന്നും മണ്ണിടിച്ചിലാണെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. വയനാട് മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് ആണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സോയില്‍ പൈപ്പിംഗ് മൂലമാണ് ഭീമന്‍ മണ്ണിടിച്ചിലുണ്ടായതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒമ്പത് സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ 20 ഹെക്ടര്‍ ഭൂമിയാണ് ഒരുമിച്ച് താഴേക്ക് കുത്തിയൊലിച്ച് പോയതെന്നും മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. പുത്തുമലയിലെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന പാറക്കെട്ടു. മേല്‍മണ്ണിന് 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്ക് മേല്‍ മണ്ണിടിഞ്ഞ് വീണു. 5 ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിയ്ക്ക് പുത്തുമലയില്‍ വന്ന് മൂടിയതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പുത്തുമലയില്‍ അതിതീവ്ര മഴയാണ് പെയ്തത്. പാറക്കെട്ടുകള്‍ക്കും വന്‍മരങ്ങള്‍ക്കുമൊപ്പം 5 ലക്ഷം ഘനമീറ്റര്‍ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതാകുകയായിരുന്നു.

പ്രദേശത്ത് 1980കളില്‍ വലിയ തോതില്‍ മരം മുറി നടന്നിരുന്നു. തേയില തോട്ടങ്ങള്‍ക്കായി നടത്തിയ മരം മുറിയ്ക്കല്‍ പിന്നീട് സോയില്‍ പൈപ്പിംഗിന് കാരണമായെന്നാണ് മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിലെ വിലയിരുത്തല്‍.

also read:‘അവര് പറയുന്നതും കേട്ട് തലയും താഴ്ത്തി കണ്ണീരോടെ മഠം വിട്ടു പോകുമെന്ന് കരുതേണ്ട’, ബിഷപ്‌ ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സി. ലൂസി സംസാരിക്കുന്നു

This post was last modified on August 14, 2019 5:13 pm