X

കവി ലൂയിസ് പീറ്ററിന് പോലീസിന്റെ മര്‍ദ്ദനം; സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം

ഇതേ എഎസ്‌ഐ നാടന്‍പാട്ട് ഗ്രീന്‍ റൂമിലെത്തി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്ന് അധ്യാപകരടക്കമുള്ള സ്ത്രീകള്‍ ആരോപിക്കുന്നു

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മലയാളത്തിലെ പ്രമുഖ കവി ലൂയിസ് പീറ്ററിന് പോലീസിന്റെ മര്‍ദ്ദനം. കലോത്സവത്തിന്റെ സാഹിത്യ അക്കാദമിയിലെ വേദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നിന്നിരുന്ന ലൂയിസ് പീറ്ററിനെ യാതൊരു പ്രകോപനവുമില്ലാതെ എഎസ്‌ഐ അജിത് കുമാര്‍ കരണത്ത് അടിക്കുകയായിരുന്നു.

ഉച്ചത്തില്‍ സംസാരിക്കരുതെന്ന് പറഞ്ഞാണ് അടിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അതിന് ശേഷം മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് നീക്കാനും ശ്രമം നടന്നു. ഇതോടെ അക്കാദമി പരിസരത്തുണ്ടായിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടപെടുകയും പോലീസിനെ തടയുകയുമായിരുന്നു. അപ്പോഴേക്കും കവിയുടെ സുഹൃത്തും കാര്‍ഷിക വകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍ കുമാറും രംഗത്തെത്തി.

ലൂയിസ് പീറ്ററിനെ അകാരണമായി മര്‍ദ്ദിച്ചതില്‍ എഎസ്‌ഐ പരസ്യമായി മാപ്പ് പറയണമെന്നും എഎസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അക്കാദമി പരിസരത്ത് പ്രതിഷേധക്കൂട്ടായ്മയും നടന്നു. പ്രശ്‌നം വഷളായതോടെ ആരോപണ വിധേയനായ എഎസ്‌ഐയെ കലോത്സവ വേദിയിലെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. ഇതേ എഎസ്‌ഐ നാടന്‍പാട്ട് ഗ്രീന്‍ റൂമിലെത്തി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്ന് അധ്യാപകരടക്കമുള്ള സ്ത്രീകള്‍ ആരോപിക്കുന്നു. ഗ്രീന്‍ റൂമില്‍ നിന്നും പുരുഷന്മാര്‍ ഇറങ്ങിപ്പോകണമെന്ന എഎസ്‌ഐയുടെ ആവശ്യമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.