X

കെവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ അറസ്റ്റില്‍; കുറ്റക്കാരല്ലെന്ന് നീനുവിന്റെ പിതാവും സഹോദരനും

അറസ്റ്റ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ; കെവിന്‍ തന്റെ മകളുടെ ഭര്‍ത്താവാണെന്ന് ചാക്കോ!

മാന്നാനത്ത് ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട കെവിന്‍ പി ജോസഫിന്റെ മരണത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമാണ് അറസ്റ്റിലായത്. കണ്ണൂരിലെ ഇരട്ടിയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ കീഴടങ്ങാനായി ഇരട്ടിയിലെത്തുകയായിരുന്നു.

ഇരട്ടിയ്ക്ക് സമീപമുള്ള കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. അവിടെ കസ്റ്റഡി രേഖപ്പെടുത്തിയ ശേഷം കോട്ടയം ജില്ലാ പോലീസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെയെത്തിയ പോലീസിന് ഇവരെ കൈമാറി. ഇവരെ കണ്ണൂരില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കെവിന്റെ മരണ കാരണം മര്‍ദ്ദനമല്ല എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിന് തന്നെ ഇവര്‍ക്കെതിരെ കേസെടുക്കാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കെവിന്റെ മരണത്തിന് കാരണമായ തട്ടിക്കൊണ്ട് പോകല്‍ കൊലപാതകത്തിന് തുല്യമാണെന്നതിനാലാണ് ഇത്. കൂടാതെ ദുരഭിമാനക്കൊലയുടെ കേസും ഇതോടൊപ്പം ചുമത്താന്‍ സാധിക്കും. കേസിലെ ഏറ്റവും സുപ്രധാനമായ അറസ്റ്റാണ് ഇന്ന് നടന്നിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കെവിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ കെവിന്‍ തന്റെ മകളുടെ ഭര്‍ത്താവാണെന്നും ചാക്കോയുടെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

This post was last modified on May 29, 2018 3:38 pm