X

സൈനികരെ കൊണ്ടുപോകുന്നതില്‍ പിഴവ് സംഭവിച്ചെന്ന് മേജര്‍ രവി

അമ്പത് സീറ്റുള്ള ബസ് ആണെങ്കിലും മുപ്പത് പേരെയെ കയറ്റാന്‍ പാടുള്ളൂവെന്നാണ് എസ്ഒപി പറയുന്നത്

പുല്‍വാമ ഭീകരാക്രമണത്തില്‍ മേലുദ്യോഗസ്ഥര്‍ക്കും കേന്ദ്രസര്‍ക്കാരിനും വീഴ്ച സംഭവിച്ചെന്ന് സംവിധായകന്‍ മേജര്‍ രവി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മഞ്ഞ് വീഴ്ച കാരണം നാല് ദിവസമായി ബ്ലോക്ക് ചെയ്തിരുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. ഈ റോഡില്‍ ക്ലിയറന്‍സ് കൊടുക്കുമ്പോള്‍ എസ്ഒപി(സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍) എന്ന് പറയുന്ന അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല. എഴുപത് വാഹനങ്ങള്‍ ഒരുമിച്ച് പോകുക എന്നത് സുരക്ഷിതമല്ല. നാല് ദിവസം മഞ്ഞില്‍ കിടന്നിട്ട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെത്താനുള്ള വ്യഗ്രതയില്‍ ഈ എസ്ഒപി ഇവര്‍ മറന്നു. ഇത്രയും പട്ടാളക്കാരെയും ഇത്രയും ആയുധങ്ങളും കൊണ്ടുപോകുമ്പോള്‍ എവിടെങ്കിലും ഒരു ആക്രമണമുണ്ടായാലുള്ള മുന്‍കരുതലാണ് എസ്ഒപി. അമ്പത് സീറ്റുള്ള ബസ് ആണെങ്കിലും മുപ്പത് പേരെയെ കയറ്റാന്‍ പാടുള്ളൂവെന്നാണ് എസ്ഒപി പറയുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ പട്ടാളക്കാരുടെ ആയുധങ്ങളും ബെഡ് അടക്കമുള്ള സാധനങ്ങളുമാണ് സൂക്ഷിക്കുന്നത്. മരണസംഖ്യ 44 എന്നതില്‍ നിന്നും അപ്പോള്‍ പട്ടാളക്കാരെ കുത്തിനിറച്ചാണ് ആ വാഹനങ്ങള്‍ പോയതെന്ന് മനസിലാക്കാം.

പിന്നെ ഇവന്‍ കൊണ്ടുവന്ന് വണ്ടി ഇടിച്ചിരിക്കുന്നത് എങ്ങനെയാണ്? മുമ്പില്‍ നിന്നല്ല ആ ഇടി. അത് സൈഡില്‍ നിന്നാണ്. പുല്‍വാമയിലേക്ക് നിയന്ത്രണരേഖയില്‍ നിന്നും എട്ട് കിലോ മീറ്ററേ ഉള്ളൂ. പാകിസ്ഥാന്റെ സഹായത്തോടെയല്ലാതെ ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ അതിപ്പോള്‍ ഒരാള്‍ക്ക് അയാള്‍ ജെയ്‌ഷെ മുഹമ്മദായാലും ആരായാലും ശേഖരിക്കാനാകില്ല. മാത്രമല്ല വിദേശ നിര്‍മ്മിത സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ പിന്തുണയോടെയല്ലാതെ ഇത് നടക്കില്ല. 350 കിലോ ഒരാള്‍ക്ക് ഒറ്റയ്ക്ക് അവിടെ എത്തിക്കാനും സാധിക്കില്ല.

അപ്പോള്‍ മഞ്ഞ് വീഴ്ചയ്ക്ക് മുമ്പ് തന്നെ അവന്‍ ആ വാഹനം അവിടെ കൊണ്ടിട്ടിരിക്കുകയായിരുന്നു. റോഡ് ക്ലിയറായി വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയാല്‍ സൈനിക വാഹനങ്ങളുടെ വ്യൂഹത്തിന്റെ ഒരു പ്രത്യേക ചുറ്റളവിന് പുറത്തുനിന്നും ഒരു വാഹനത്തിനും കടന്നുവരാനാകില്ല. അപ്പോള്‍ അവന്‍ നേരത്തെ തന്നെ ആ ചുറ്റളവില്‍ വാഹനം ഇട്ടിരുന്നു. സൈനിക വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയപ്പോള്‍ ഓടിവന്ന് വാഹനത്തില്‍ കയറി ഒരു പ്രത്യേക ആങ്കിളില്‍ വാഹനമോടിച്ച് കയറ്റിയെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഒറ്റയിടിക്ക് രണ്ട് സൈനിക വാഹനങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പിന്നാലെ വന്ന സൈനിക വാഹനത്തെ അത് ബാധിച്ചെങ്കിലും അവന്റെ നീക്കം പാളി. പക്ഷെ എങ്കിലും എസ്ഒപി ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.- മേജര്‍ രവി പറഞ്ഞു.

This post was last modified on February 17, 2019 10:16 am