X

പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ആദിലിനെ കസ്റ്റഡിയിലെടുത്തത് ആറ് തവണ: എല്ലാ തവണയും വെറുതെ വിട്ടതില്‍ ദുരൂഹത

ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നും കല്ലേറ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് ആറ് തവണ ആദിലിനെ കസ്റ്റഡിയിലെടുത്തത്

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തി 40ഓളം ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ആദില്‍ അഹമ്മദിനെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്തത് ആറ് തവണ. എന്നാല്‍ ആറ് തവണയും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയായിരുന്നു.

ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നും കല്ലേറ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് ആറ് തവണ ആദിലിനെ കസ്റ്റഡിയിലെടുത്തത്. 2016 സെപ്തംബറിനും 2018 മാര്‍ച്ചിനും ഇടയിലായിരുന്നു അറസ്റ്റുകളെന്ന് ഇന്റലിജന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരും പുല്‍വാമ പോലീസ് വൃത്തങ്ങളും പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഘട്ടത്തിലും ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്റലിജന്‍സ് അനാസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്.

2016ലാണ് ആദില്‍ ലഷ്‌കറിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചത്. കശ്മീരില്‍ നുഴഞ്ഞുകയറ്റം നടത്തുന്ന ലഷ്‌കര്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയും ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നത് ഇയാളാണ്. ലഷ്‌കര്‍ കമാന്‍ഡര്‍ക്കും സംഘടനയില്‍ ചേരാനാഗ്രഹിക്കുന്ന യുവാക്കളും തമ്മിലുള്ള ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായി പുല്‍വാലയിലെ പോലീസ് ഓഫീസര്‍ അറിയിച്ചു.

ആദില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ആദിലിന്റെ അമ്മ വ്യക്തമാക്കിയിരുന്നു. തീവ്രവാദം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആകുന്നതെല്ലാം തങ്ങള്‍ ചെയ്‌തെങ്കിലും ഒന്നും ഫലപ്രദമായില്ലെന്നും അവര്‍ പറഞ്ഞു. ആദിലിന്റെ ഗ്രാമമായ കകപോരയിലുള്ള എല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. കകപോര ഗ്രാമത്തില്‍ ആദിലിന്റെ മാതാപിതാക്കള്‍ മൃതദേഹമില്ലാതെ പ്രതീകാത്മക ശവസംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിച്ചു. നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തതും അധികൃതരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.