X

സനല്‍ കുമാര്‍ വധക്കേസ്: ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കരയില്‍ ഏറെ ഭീഷണിയുള്ളതിനാല്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയിലാണ് കീഴടങ്ങാന്‍ സാധ്യതയുള്ളത്

സനല്‍ കുമാര്‍ വധക്കേസില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും. നെയ്യാറ്റിന്‍കരയില്‍ ഏറെ ഭീഷണിയുള്ളതിനാല്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയിലാണ് കീഴടങ്ങാന്‍ സാധ്യതയുള്ളത്. ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിനാല്‍ നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവും പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്റെ സഹായവുമാണ് ഇയാള്‍ക്കുള്ളതെന്നാണ് അറിയുന്നത്. അതേസമയം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചു. ഇതാണ് കീഴടങ്ങുന്നതിന്റെ പ്രധാന കാരണം. ഹരികുമാറിന്റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ് പി കെ എം ആന്റണിയുടെ കര്‍ശന നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയ്ഡ് നടക്കുകയാണ്.

ഹരികുമാര്‍ കീഴടങ്ങുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശമെന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നാണ് വിവരം. പോലീസില്‍ നിന്നു തന്നെ ഹരികുമാര്‍ നെയ്യാറ്റിന്‍കരയിലെ സാഹചര്യങ്ങള്‍ അറിയുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ മാഹിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഹരികുമാര്‍ സഹായിച്ചിരുന്ന മണല്‍-ക്വാറി മാഫിയകളുടെ പങ്ക് സംശയിക്കുന്നുണ്ട്.

This post was last modified on November 10, 2018 10:23 am