താരസംഘടനയായ എഎംഎംഎ വിഷയത്തില്‍ സിപിഎമ്മിന്റെ പ്രതികരണത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ സംഘടനയെ പിളര്‍ക്കരുതെന്നും ഇടതു സംഘടനയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നതിനെതിരെയുമാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകയ്ക്കുണ്ടായ നീതി നിഷേധത്തില്‍ കൂടെ നില്‍ക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി പാര്‍ട്ടിയുടെ പ്രതിനിധികളാണെന്ന് പറയുന്നത് ഗൂഢാലോചനയാണോയെന്ന് ചോദിക്കുകയാണ് എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
A. M. M. Aയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണ്?
പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ അങ്ങനെയൊരു പരാമര്‍ശം കണ്ടു.
ആരാണ് ഗൂഢാലോചനക്കാര്‍? ആ സ്ത്രീകള്‍ക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പര്‍? വനിതാ കമ്മീഷന്‍ അധ്യക്ഷ? സെന്‍ട്രല്‍ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാര്‍? മന്ത്രിമാര്‍? മറ്റുത്തരവാദപ്പെട്ട പാര്‍ട്ടി മെമ്പര്‍മാര്‍? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം ? ഇവരുള്‍പ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവര്‍? ഇവരാണോ ഗൂഢാലോചനക്കാര്‍? ജനപ്രതിനിധികള്‍ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചന?
പാര്‍ട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് . ഇപ്പോള്‍ പെരുമാറുന്നതു പോലെ വെറും ഹാസ്യനടന്‍ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളില്‍ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവര്‍ സംഘടനാ മീറ്റിങ്ങില്‍ , ഊര്‍മ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാല്‍ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊര്‍മ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാര്‍ക്കാണ് അറിയാത്തത്?
തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകക്കുണ്ടായ നീതി നിഷേധത്തില്‍ കൂടെ നില്‍ക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നതാണോ ഗൂഢാലോചന?
A. M. M. A ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവള്‍ക്കൊപ്പമെന്നു പറഞ്ഞാല്‍ അവള്‍ക്കൊപ്പം, അവളെ പിന്തുണക്കുന്നവര്‍ക്കൊപ്പം എന്നാണര്‍ഥം.
അല്ലാതെ w c cയുടെ തോളില്‍ തട്ടി വെല്‍ഡണ്‍ എന്നു പറയുകയും ഗൂഢാലോചന നടത്തി A. M. M. A യെ പിളര്‍ക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു.
This post was last modified on July 1, 2018 10:52 am
Leave a Comment