X

കാണാതായ ഏഴ് മത്സ്യത്തൊഴിലാളികളെ കാത്ത് കേരള തീരം; ഇന്നും തിരച്ചില്‍ തുടരുന്നു

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ളവരെയാണ് കാണാതായത്

വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചിലാണ് ഇന്ന് വീണ്ടും തുടരുന്നത്.

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ളവരെയാണ് കാണാതായത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അതും പരാജയപ്പെട്ടു. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

കൊല്ലം ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെ കാണാതായി. ഇവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകര്‍ന്ന വള്ളം നീണ്ടകര തീരത്ത് അടിഞ്ഞിട്ടുണ്ട്.

അതേസമയം, കനത്ത മഴയില്‍ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുകയാണ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

read more:ആറു മാസം പോലും ഓടില്ല എന്ന് വിധി എഴുതി; ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളെ’ വെച്ച് നിരത്തിലിറങ്ങിയ തൃശൂരിലെ വനിത ബസ്സിന് 20 വയസ്