X

ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി നേരത്തെ ശോഭാ സുരേന്ദ്രന് 25000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃശൂര്‍ അഡീഷനല്‍ ജില്ലാ കോടതി(3)യാണ് ശോഭയെ പിടികിട്ടാ പ്രതിയായി പ്രഖ്യാപിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.

വി.മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്‍ഡ് നിലവിലുണ്ട്. എന്നാല്‍ ഇവരില്‍ ശോഭാ സുരേന്ദ്രനും അനീഷും ജാമ്യമെടുക്കാന്‍ തയ്യാറായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്ത ഇരുവരെയും കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്‌ക്കെതിരെ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി നേരത്തെ ശോഭാ സുരേന്ദ്രന് 25000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ശോഭയ്ക്ക് നേരിടേണ്ടി വന്നത്. അനാവശ്യമായി കോടതിയുടെ സമയം പാഴാക്കിയതിന് കോടതി വിധിച്ച 25000 രൂപ നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും ഹൈക്കോടതിയ്ക്കും മേലേ കോടതി ഉണ്ടെന്നും ശോഭാ അന്ന് പറഞ്ഞിരുന്നു.

പക്ഷേ പിന്നീടവര്‍ പിഴയടച്ച് കോടതി നടപടികളില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. ഇതിനു പുറമെയാണ് ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.