X

ജനരക്ഷാ യാത്രയ്ക്ക് വിരുന്നൊരുക്കാന്‍ പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഒഴിപ്പിച്ചു: പ്രതിഷേധവുമായി രക്ഷിതാക്കള്‍

മുന്നറിയിപ്പില്ലാതെ ഇറക്കിവിട്ടതോടെ വീടുകളില്‍പോകാന്‍പോലും കഴിയാതെ വിദ്യാര്‍ഥികള്‍ പെരുവഴിയിലാകുകയായിരുന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഒഴിപ്പിച്ചത് വിവാദത്തില്‍. മുന്നറിയിപ്പില്ലാതെ ഇറക്കിവിട്ടതോടെ വീടുകളില്‍പോകാന്‍പോലും കഴിയാതെ വിദ്യാര്‍ഥികള്‍ പെരുവഴിയിലാകുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഒത്താശയോടെയുള്ള നടപടിക്കെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി.

ജാഥയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ സ്‌കൂളിലാണ് സൗകര്യം ഒരുക്കിയിരുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയം രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയേറിയിരുന്നു. ജാഥ പ്രവര്‍ത്തകര്‍ എത്തിയാല്‍ വിദ്യാര്‍ഥികള്‍ തടസമാകുമെന്നു കരുതിയാണ് ഹാജരെടുത്തശേഷം എല്ലാവരെയും ഇറക്കി വിട്ടത്.

മുന്‍കൂട്ടി അറിയിക്കാതെ ഇറക്കിവിട്ടതിനാല്‍ വിദ്യാര്‍ഥികള്‍ വാഹനംകിട്ടാതെ വലഞ്ഞു. ജാഥ വരുന്നതുകൊണ്ട് റോഡ് ഗതാഗതവും നിരോധിച്ചിരുന്നതിനാല്‍ കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ കിട്ടാതെ കുട്ടികള്‍ വലഞ്ഞു. പിഎംജി, ഉള്ളൂര്‍ എന്നിവിടങ്ങളിലേക്ക് നടന്നെത്തിയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ബസ് കയറിയത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അറിവോടെ നടന്ന നടപടിക്കെതിരേ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.

കുമ്മനത്തിന്റെ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ഇന്ന് നഗരത്തിലുണ്ടാകുന്ന ഗതാഗത തടസം കണക്കിലെടുത്ത് നഗരത്തിലെ സ്‌കൂളുകള്‍ക്കെല്ലാം ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിരുന്നു. അപ്രതീക്ഷിത അവധികള്‍ അറിയിക്കാന്‍ സ്‌കൂളുകളില്‍ എസ്എംഎസ് സംവിധാനം ഉള്‍പ്പെടെയുള്ളപ്പോഴാണ് ജനരക്ഷാ യാത്രയ്ക്ക് വേണ്ടി കുട്ടികളെ വലച്ചത്.

This post was last modified on October 17, 2017 6:21 pm