X

സുപ്രീം കോടതി പ്രതിസന്ധി തുടരുന്നു; എല്ലാം ഉടന്‍ പരിഹരിക്കുമെന്ന് ജ. ചെലമേശ്വര്‍

ജഡ്ജിമാരുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു

ചീഫ് ജസ്റ്റിസിനെതിരേ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ രൂപംകൊണ്ട സുപ്രീംകോടതി പ്രതിസന്ധി ഏഴാംദിവസവും അയവില്ലാതെ തുടരുന്നു. അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പറഞ്ഞു. പ്രധാനപ്പെട്ട വലിയ പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. സ്വകാര്യ കേസുകളില്‍ ആശങ്കകളില്ല. പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വര്‍ പറഞ്ഞു.

ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്നു കോടതിയിലെത്തിയാല്‍ മാത്രം സമവായചര്‍ച്ചകള്‍ പുനരാരംഭിക്കും. അതേസമയം, ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേള്‍ക്കും. ഹര്‍ജിക്കാരുടെ വാദം തീരുന്ന മുറയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും കോടതി കേള്‍ക്കും.

പനിയാണെന്നു കാട്ടി ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്നലെ അവധിയെടുത്തിരുന്നു. ഇന്നും അവധി തുടര്‍ന്നാല്‍ സമവായചര്‍ച്ച നടക്കില്ലെന്നാണ് സൂചന. ചര്‍ച്ച തുടരാന്‍ തയാറാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരെ അറിയിച്ചിട്ടുണ്ട്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും പരിഹാരശ്രമം നടത്തുന്നുണ്ട്.

സുപ്രധാനമായ കേസുകള്‍ പരിഗണിക്കുന്നതിനുളള ബെഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ചട്ടം രൂപീകരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കിയിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാന്‍ സുപ്രീംകോടതി തയ്യാറാകുന്നില്ല എന്നതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ ഉന്നിച്ചാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രം?ഗത്ത് വന്നത്.

This post was last modified on January 18, 2018 9:31 am