X

മകള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ വേണ്ട അങ്കണവാടി മതി: മാതൃകയായി കളക്ടര്‍

തന്റെ മകള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കളക്ടര്‍

സമൂഹത്തിലെ ഉന്നതനില തെളിയിക്കാനുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് ഇന്ന് ആഢംബര പ്ലേ സ്‌കൂളുകള്‍. ചെന്നൈയില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള തിരുനെല്‍വേലി ജില്ലയിലെ കളക്ടര്‍ ഇത്തരക്കാര്‍ക്ക് ഒരു മാതൃകയായിരിക്കുകയാണ്. ശില്‍പ പ്രഭാകര്‍ സതിഷ് തന്റെ മകളെ അങ്കണവാടിയില്‍ ചേര്‍ത്തിരിക്കുകയാണ്.

ജില്ലയിലെ ആദ്യ വനിതാ കളക്ടറായ ശില്‍പ 2009 ഐഎഎസ് ബാച്ച് ആണ്. തിരുനെല്‍വേലി കുട്ടികളുടെ ആരോഗ്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന ജില്ലയാണെന്നും അതിനാല്‍ ഇവിടുത്തെ അങ്കണവാടികളില്‍ കുട്ടികളെ ചേര്‍ക്കാന്‍ പേടിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ തങ്ങളല്ലേ അങ്കണവാടികളെ പ്രോത്സാഹിപ്പിക്കേണ്ടതെന്നും അവര്‍ ചോദിക്കുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള അങ്കണവാടിയിലാണ് ഇവര്‍ മകളെ ചേര്‍ത്തിരിക്കുന്നത്.

തന്റെ മകള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നമ്മുടെ അങ്കണവാടികളില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. വീടിനടുത്തുള്ള അങ്കണവാടിയായതിനാല്‍ കൂട്ടുകാരെയെല്ലാം എല്ലായ്‌പ്പോഴും കാണാനും അവര്‍ക്കൊപ്പം കളിക്കാനും അവള്‍ക്ക് സാധിക്കും. തിരുനെല്‍വേലിയില്‍ ആയിരക്കണക്കിന് അങ്കണവാടികളാണ് ഉള്ളത്. കുട്ടികളെ നന്നായി പരിപാലിക്കുകയും മികച്ച സൗകര്യങ്ങളും കളിക്കോപ്പുകളുമെല്ലാം ഇവിടെയുണ്ട്.

കുട്ടികളുടെ ആരോഗ്യ രേഖകള്‍ സൂക്ഷിക്കാനും ഉയരവും തൂക്കവും പരിശോധിക്കാനും സൗകര്യമുള്ള ആപ്ലിക്കേഷനുകളോട് കൂടിയ സ്മാര്‍ട്ട് ഫോണുകള്‍ ജില്ലയിലെ എല്ലാ അങ്കണവാടി ടീച്ചര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാറാകുമ്പോള്‍ ഈ രേഖകള്‍ അവിടേക്ക് കൈമാറും. ദേശീയ പോഷകാഹാര മിഷന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നും ശില്‍പ വ്യക്തമാക്കി.

This post was last modified on January 10, 2019 3:12 pm