തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത 13കാരി മാസമുറ ദിവസം ക്ലാസില്‍ വച്ച് ടീച്ചര്‍ പരസ്യമായി അപമാനിച്ചതിന്റെ വിഷമത്തിലായിരുന്നെന്ന് അമ്മ. ഫസന കരിം എന്ന കുട്ടിയുടെ അമ്മ ദ ന്യൂസ് മിനുറ്റിനോടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 26ന് സ്കൂളിലായിരിക്കുമ്പോഴാണ് ഫസനയ്ക്ക് മാസമുറ ഉണ്ടായത്. എന്നാല്‍ ഇതിനുള്ള മുന്‍കരുതലുകളൊന്നും കുട്ടി സ്വീകരിച്ചിരുന്നില്ല. യൂണിഫോമില്‍ രക്തം കണ്ട് സഹപാഠികളാണ് ടീച്ചറെ അറിയിച്ചത്. എന്നാല്‍ ടീച്ചര്‍ ഇതിന്റെ പേരില്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇതിന്റെ മനപ്രയാസത്തിലാണ് കുട്ടി തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. പാളയംകോട്ടൈയിലെ സെന്തില്‍ നഗറിലുള്ള ജോസഫ് മെട്രിക്കുലേഷന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫസന. സാനിറ്ററി പാഡിന് പകരം ഡസ്റ്ററാണ് ടീച്ചര്‍ മകള്‍ക്ക് നല്‍കിയതെന്നും അമ്മ രാസവമാള് ബാനു പറയുന്നു. ആണ്‍കുട്ടികളും ഇരിക്കുന്ന ക്ലാസില്‍ വച്ചായിരുന്നു കുട്ടിയെ അപമാനിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ചായിരുന്നു അപമാനിച്ചത്.
ശനിയാഴ്ച വീട്ടില്‍ മടങ്ങിയെത്തിയ മകള്‍ തന്നോട് ഇതിനെക്കുറിച്ച് പറഞ്ഞില്ലെന്നും രാസവമ്മാള് പറഞ്ഞു. അതേസമയം ക്ലാസിലെ ഒരു ആണ്‍കുട്ടിയാണ് ക്ലാസില്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്. പ്രിന്‍സിപ്പല്‍ കലാവതിയും കുട്ടിയെ തന്റെ ഓഫീസ് മുറിയില്‍ വിളിച്ചു വരുത്തി അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച മകള്‍ അസ്വാഭാവികമായൊന്നും പെരുമാറിയില്ലെന്നും രാത്രി 12 മണിക്ക് ബാത്ത്റൂമില്‍ ഒറ്റയ്ക്ക് പോകാന്‍ പേടിയായതിനാല്‍ തന്നെയും കൂട്ടിയാണ് പോയതെന്നും അമ്മ വ്യക്തമാക്കി. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീടിന് സമീപത്തുള്ള രണ്ട് നിലക്കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും ചാടുകയായിരുന്നു.
കരച്ചില് കേട്ടെത്തിയ അയല്വക്കക്കാരും ബന്ധുക്കളും ചേര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന കുട്ടിയെ പാളയംകോട്ടൈ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അതിലും ടീച്ചര്‍ പരസ്യമായി അപമാനിച്ചതിനാല്‍ ഇനി ക്ലാസില്‍ പോകാനാകില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
This post was last modified on August 31, 2017 1:25 pm