X

വൈദികരെ മുറിയില്‍ പൂട്ടിയിട്ട് പള്ളിയില്‍ നിന്നും നാലു ലക്ഷം രൂപ കവര്‍ന്നു

തൃക്കൊടിത്താനം സെന്റ്. സേവ്യേഴ്‌സ് ഫെറോന പള്ളിയിലാണ് മോഷണം

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സെന്റ്. സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ നിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ചു. വൈദികരെ മുറികളില്‍ പൂട്ടിയിട്ടശേഷമായിരുന്നു മോഷണം. വെള്ളിയാഴ്്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈദിക മന്ദിരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പള്ളി വക ഓഫിസില്‍ നിന്നാണ് പണം പോയിരിക്കുന്നത്. വൈദികര്‍ താമസിക്കുന്നതും ഇവിടെയാണ്. ഗ്രില്‍ തകര്‍ത്ത് ചില്ലു വാതിലിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ വൈദിക മന്ദിരത്തിന് അകത്തു കയറിയത്. താഴത്തെ നിലയില്‍ പള്ളി വികാരി ഫാ. വര്‍ഗീസ് കലായിലും ഒന്നാമത്തെ നിലയിലെ മുറികളില്‍ സഹ വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ മാമ്പറയും ഫാ. ജോസഫ് പാറത്താനവും ഉറങ്ങുന്നുണ്ടായിരുന്നു. ഈ മുറികള്‍ പുറത്തു നിന്നും പൂട്ടിയശേഷമായിരുന്നു മോഷണം. മുറികള്‍ പൂട്ടിയതു കൂടാതെ ഒന്നാം നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ഗ്രില്ലും മോഷ്ടാക്കള്‍ പൂട്ടി. ഇതിനുശേഷണായിരുന്നു ഓഫിസില്‍ കയറി പണം മോഷ്ടിക്കുന്നത്.

വൈദിക മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് ഓഫിസ്. വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ഇവിടെയുള്ള ഒരു സ്റ്റീല്‍ അലമാരകളും ഒരു മേശയും പൊളിച്ചു. സ്റ്റീല്‍ അലമാരയില്‍ നിന്നാണ് പണം എടുത്തിരിക്കുന്നത്. മറ്റൊരു സ്റ്റീല്‍ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നിട്ടുമുണ്ട്. വികാരിയുടെ മുറിയുടെ പുറത്തെ മേശയ്ക്കുള്ളിലായിരുന്നു താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇത് മോഷ്ടാക്കള്‍ കൈവശപ്പെടുത്തുകയായിരുന്നു. പൊളിച്ച മേശയില്‍ ചില രേഖകളും ചെക്കുകളും പണവും ഉണ്ടായിരുന്നു. ഇവയും മോഷണം പോയിട്ടുണ്ടെന്ന് വൈദികരും പള്ളി ഭാരവാഹികളും പൊലീസിന് നല്‍കിയ മൊഴികളില്‍ പറയുന്നു.

വൈിദക മന്ദിരത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഡീക്കന്‍ ജോസുകുട്ടി ഇടശ്ശേരി പൗവത്ത് പുലര്‍ച്ചെ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് പുറത്തു നിന്നും പൂട്ടിയിരിക്കുന്ന വിവരം മനസിലാകുന്നത്. ഇദ്ദേഹം ഉടന്‍ തന്നെ മറ്റു വൈദികരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവരുടെ മുറികളും പുറത്തു നിന്നും ബന്ധിച്ചിരിക്കുന്ന കാര്യം മനസിലാകുന്നത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചു പറഞ്ഞ് അയാള്‍ വന്നാണ് മുറികള്‍ തുറക്കുന്നത്. ഇതിനുശേഷമാണ് മോഷണ വിവരം അറിയുന്നത്.

തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്റെ വളരെ അടുത്തായാണ് മോഷണം നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്.