X

കര്‍ണാടകം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ എത്തിയില്ല

ഇവരെ ഹോട്ടലില്‍ നിന്നും സഭയിലേക്ക് കൊണ്ടുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും നടക്കുന്ന ഇന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ എത്തിയില്ല. മാസക്ക് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി പ്രതാഭ് ഗൗഡ പാട്ടീലും വിജയ നഗര മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി ആനന്ദ് സിംഗുമാണ് സഭയിലെത്താത്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

ആനന്ദ് സിംഗ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഇവര്‍ രണ്ടുപേരും വിട്ടുനില്‍ക്കുന്നതോടെ അംഗസംഖ്യ 219 ആയി കുറയും. അതേസമയം ഇരുവരും ബംഗളൂരുവിലെ ഒരു ഹോട്ടലിലുണ്ടെന്നാണ് അറിയുന്നത്. ഹോട്ടലിലെത്തി ഇവര്‍ക്ക് വിപ്പ് നല്‍കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അതേസമയം ഇവരെ ഹോട്ടലില്‍ നിന്നും സഭയിലേക്ക് കൊണ്ടുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.

സഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. അഞ്ച് അംഗങ്ങള്‍ ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കണം. അതിന് മുമ്പ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്.

വിശ്വാസ വോട്ടെടുപ്പ് സമയത്ത് ഏതെങ്കിലും വിധത്തിലുള്ള കൃത്രിമത്വം നടത്തി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടിക്രമങ്ങളിലേക്കടക്കം ബിജെപി നീങ്ങുമോയെന്ന ആശങ്ക കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുണ്ട്. മുമ്പ് സ്പീക്കറായിരുന്നപ്പോള്‍ 11 പ്രതിപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കി യെദ്യൂരപ്പയെ സഹായിച്ച വ്യക്തിയാണ് ബൊപ്പയ്യ. ഈ ആശങ്ക ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞയും എല്ലാ സഭാ നടപടികളും കാമറയില്‍ പകര്‍ത്തുക എന്ന ആവശ്യം അവര്‍ മുന്നോട്ട് വച്ചത്.