X

എസ് ബി ഐ ആക്രമണം: രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍

ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് നാല് പേര്‍ ബാങ്കില്‍ അതിക്രമിച്ച് കയറിയതെന്നാണ് പോലീസിന്റെ സംശയം

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ട്രഷറി അടിച്ചു തകര്‍ത്ത കേസില്‍ ജില്ലയിലെ രണ്ട് പ്രമുഖ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റിലായി. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഹരിലാല്‍, തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഹരിലാല്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ വിഭാഗത്തിലെ അറ്റന്‍ഡറും അശോകന്‍ ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനുമാണ്. ഇവരെ വച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന് ഒരു ദിവസം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും എസ് ബി ഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതിന്റെയും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ബാങ്കില്‍ നിന്നും ലഭിച്ചിരുന്നു.

ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് അക്രമത്തില്‍ ബാങ്കിനുണ്ടായത്. അതേസമയം ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് നാല് പേര്‍ ബാങ്കില്‍ അതിക്രമിച്ച് കയറിയതെന്നാണ് പോലീസിന്റെ സംശയം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. നേരത്തെ തന്നെ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ തന്നെ പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടായേക്കും. അക്രമം നടത്തിയ സമരാനുകൂലികളായ ഉദ്യോഗസ്ഥരെ സംഘടന സംരക്ഷിക്കില്ലെന്നാണ് സിഐടിയു നേതാവ് ചന്ദ്രന്‍ പിള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചിരിക്കുന്നത്.

Related Post
Leave a Comment