X

പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടല്‍: അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍

ജനപ്രതിനിധിയുടെ പേര് സഭയില്‍ പറയുന്നില്ലെന്നും റവന്യു മന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സമീപമുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്ടര്‍ തീം പാര്‍ക്കിന് സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം ജനപ്രതിനിധിയുടെ പേര് സഭയില്‍ പറയുന്നില്ലെന്നും റവന്യു മന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കട്ടിപ്പാറ ഉരുള്‍പൊട്ടലിന് കാരണമായ മലമുകളിലെ തടയിണയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കട്ടിപ്പാറ തടയണയെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോള്‍ ദുരന്തനിവാരണ സേനയെ ഹെലികോപ്റ്ററില്‍ എത്തിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. പാര്‍ക്കിനകത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ജനവാസ കേന്ദ്രമല്ലാത്തതിനാലാണ് ഇവിടെ വന്‍ ദുരന്തം ഒഴിവായത്.

പാര്‍ക്ക് പരിസ്ഥിതി ലോല മേഖലയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്. എന്നാല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമല്ലെന്നും അതിനാല്‍ തന്നെ പൂട്ടേണ്ടതില്ലെന്നുമായിരുന്നു കൂടരഞ്ഞി പഞ്ചായത്ത് സമിതി വിലയിരുത്തിയത്. ഇതേ തുടര്‍ന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.

This post was last modified on June 18, 2018 12:14 pm