X

സാമ്പത്തിക തളര്‍ച്ചയെ മറികടന്ന് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉര്‍ജിത് പട്ടേലിനാകുമോ?

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പുതിയ ഗവര്‍ണറായി ഡോ. ഉര്‍ജിത് പട്ടേല്‍ ഇന്ന് ചുമതലയേല്‍ക്കുമ്പോള്‍ പല വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. സാമ്പത്തിക തളര്‍ച്ചയെ മറികടന്ന് നാണ്യപ്പെരുപ്പം നിയന്ത്രിക്കുകയെന്നതാണ് ഉര്‍ജിത് പട്ടേലിനുമുമ്പിലുള്ള ആദ്യ ലക്ഷ്യം. മാസങ്ങള്‍ക്കു ശേഷം പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ന്നിരിക്കുന്ന സമയമാണിത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റേതിനു സമാനമായ തീരുമാനങ്ങള്‍ തന്നെയായിരിക്കും പുതിയ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പിന്തുടരാന്‍ സാധ്യത.

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന സമയത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളാണ് ഉര്‍ജിത് പട്ടേലിനെ ശ്രദ്ധയേനാക്കിയത്. ചില്ലറവിലസൂചിക ധനനയങ്ങളുടെ മാനദണ്ഡമാക്കി മാറ്റിയതിന്റെ ഉപജ്ഞാതാവും ഉര്‍ജിത് പട്ടേലായിരുന്നു. നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാക്കണമെന്നാണ് പ്രഥമ ലക്ഷ്യമായി ഉര്‍ജിത് പട്ടേല്‍ കാണുന്നത്.

വാണീജ്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമനും ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയും രണ്ടു ശതമാനം മാത്രം പലിശ നിരക്കുള്ള രാജ്യമായി ഇന്ത്യയെ മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ഉര്‍ജിതിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന്‍ ഉറപ്പാണ്. അതിനെ അദ്ദേഹം എങ്ങനെ കൈക്കാര്യം ചെയ്യുമെന്നാണ് ഇനിയറിയാനുള്ളത്. തന്റെ മുന്‍ഗാമി രാജന്റേതിനു സമാനമായ, പലിശ നിരക്ക് കുറയ്ക്കാതെയുള്ള നയങ്ങളായിരിക്കും ഉര്‍ജിതും പിന്തുടരുക.

ഇനി മുതല്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍, ധനനയങ്ങള്‍ നിര്‍ണയിക്കുവാന്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധര്‍ കൂടി ഉണ്ടാവും. മോണിറ്ററി പോളിസി കമ്മിറ്റി രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക നിരക്കുകള്‍ തീരുമാനിക്കണമെന്ന് നിര്‍ദേശിച്ചത് ഉര്‍ജിത് പട്ടേല്‍ തലവനായ കമ്മിറ്റിയായിരുന്നു.

ഐഎംഫില്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഉര്‍ജിത് പട്ടേല്‍ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ എംഫില്‍ നേടിയത്. ഡോക്ടറേറ്റ് കരസ്ഥമാക്കിയത് യേല്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമായിരുന്നു

 

This post was last modified on September 5, 2016 2:45 pm