X

വൃത്തിയോടെ വേണം യോഗിയെ കാണാന്‍; ദളിതര്‍ക്ക് ഉദ്യോഗസ്ഥരുടെ വക സോപ്പും സെന്റും

മുസര്‍ വിഭാഗക്കാരുടെ ചേരിയിലായിരുന്നു യോഗിയുടെ സന്ദര്‍ശനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശത്തിനു മുന്നോടിയായി ദളിതര്‍ക്ക് ഉദ്യോഗസ്ഥരുടെ വക സോപ്പും ഷാമ്പുവും സുഗന്ധദ്രവ്യവും! മുഖ്യമന്ത്രിക്ക് അരോചകമായ ഒന്നും തന്നെ സംഭവിക്കരുതെന്നു നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥരായിരുന്നു യോഗിയുടെ മുന്നിലെത്തുന്ന ദളിതരെ കുളിപ്പിച്ചു സുഗന്ധം മണക്കുന്നവരാക്കാനുള്ള തീരുമാനത്തിന്റെ പിന്നില്‍.

ഉത്തര്‍ പ്രദേശിലെ കുശിനഗറിലുള്ള മുസര്‍ വിഭാഗക്കാരായ ജനങ്ങളെയാണു വൃത്തിയാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. എലികളെ പിടിക്കുന്നവരായ മുസര്‍ വിഭാഗക്കാരെ അയിത്ത ജാതിക്കാരായാണു കരുതുന്നത്. കുശിനഗറിലെ മനിപൂര്‍കോട്ട് ഗ്രാമത്തിലുള്ള മുസര്‍ വിഭാഗക്കാരുടെ ചേരിയിലാണു യോഗി സന്ദര്‍ശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ചേരിയിലെ ജനങ്ങളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. പൊതുവെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും തിരിഞ്ഞുനോക്കാത്ത ഇടമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉദ്യോഗസ്ഥരുടെ തിരക്കായിരുന്നു. പുതിയ കക്കൂസുകള്‍ ഉണ്ടാക്കി കൊടുക്കുന്നു, പൊടിനിറഞ്ഞ റോഡുകള്‍ ടാറു ചെയ്തു സുന്ദരമാക്കുന്നു, തെരുവു ലൈറ്റുകള്‍ സ്ഥാപിക്കുന്നു… അതാവട്ടെ വളരെ കുറച്ച് സമയം കൊണ്ടും. ചേരിയിലെ ഒരു താമസക്കാരന്‍ അത്ഭുതത്തോടെയാണ് ഈ വിവരങ്ങള്‍ പറഞ്ഞത്.

അവര്‍ ഞങ്ങള്‍ക്ക് സുഗന്ധമുള്ള സോപ്പുകള്‍ തന്നു, ഷാമ്പൂ തന്നു, സുഗന്ധദ്രവ്യങ്ങളും തന്നു. മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നതിനു മുമ്പ് ഇതെല്ലാം ഉപയോഗിച്ച് വൃത്തിയാകണമെന്ന നിര്‍ദേശവും തന്നു; ചേരിയിലെ പ്രായം ചെന്നൊരാള്‍ പറഞ്ഞു. എല്ലാവരും അവരവരുടെ വീടുകള്‍ വൃത്തയാക്കിവച്ചിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് യാതൊരുവിധ അനിഷ്ടങ്ങളും വരാതെ നോക്കേണ്ടതാണെന്നു പറയുന്നുണ്ടെങ്കിലും മറ്റുകാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്ന് പറഞ്ഞൊഴിയുകയാണ് ജില്ല ഭരണനേതൃത്വം.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് കുശിനഗറില്‍ തന്നെയുള്ള ദേരിയ ജില്ലയില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തിയത്. ജമ്മു കശ്മിരീല്‍ വീരചരമം പ്രാപിച്ച ബിഎസ്്എഫ് ജവാന്‍ പ്രേം സാഗറിന്റെ ഭവനം സന്ദര്‍ശിക്കാനാണു മുഖ്യമന്ത്രി എത്തിയത്. അവിടെയും മുഖ്യമന്ത്രിക്ക് അരോചകമായി ഒന്നും അനുഭവപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ റോഡുകള്‍ ശരിയാക്കുകയും ലൈറ്റുകള്‍ ഇടുകയും മാത്രമല്ല ചെയ്തത്, പ്രേം സാഗറിന്റെ ഭവനത്തില്‍ ഒരു എയര്‍ കണ്ടീഷനറും സ്ഥാപിച്ചു. പക്ഷേ മുഖ്യമന്ത്രി പോയതിനു പിന്നാലെ അതഴിച്ചുകൊണ്ടുപോയെന്നു മാത്രം.

This post was last modified on May 25, 2017 10:10 pm