X

മുഖ്യമന്ത്രി ഹരീഷ് റാവത്തിന് രണ്ടിടത്തും തോല്‍വി; കോണ്‍ഗ്രസിനെ നിലംതൊടീക്കാതെ ഉത്തരാഖണ്ഡ്

ഹരിദ്വാര്‍ റൂറല്‍, കിച്ച മണ്ഡലങ്ങളിലായിരുന്നു റാവത്ത് ഭാഗ്യപരീക്ഷണം നടത്തിയത്

ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമാക്കിയ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഭരണം നഷ്ടമായതിനൊപ്പം മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടുക കൂടി ചെയ്തതോടെ ഉത്തരാഖണ്ഡ് പൂര്‍ണമായും കോണ്‍ഗ്രസിനെ എഴുതിത്തള്ളിയതാണെന്ന് വ്യക്തമായി.

ആകെയുള്ള എഴുപത് സീറ്റുകളില്‍ 23 സീറ്റുകളില്‍ വിജയമുറപ്പിച്ച ബിജെപി 32 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. 12 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആധിപത്യം ഉറപ്പിക്കാന്‍ സാധിച്ചത്. ഇതില്‍ മൂന്നിടത്ത് അവര്‍ വിജയമുറപ്പിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നെന്ന് മനസിലാക്കിയ ഹരീഷ് റാവത്ത് വിജയമുറപ്പാക്കാനാണ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചത്. ഹരിദ്വാര്‍ റൂറല്‍, കിച്ച മണ്ഡലങ്ങളിലായിരുന്നു റാവത്ത് ഭാഗ്യപരീക്ഷണം നടത്തിയത്. ഹരിദ്വാറില്‍ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട റാവത്ത് കിച്ചയില്‍ രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് കീഴടങ്ങിയത്.

2009ല്‍ റാവത്ത് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച മണ്ഡലമായിരുന്നു ഹരിദ്വാര്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ ഇവിടെ തൂത്തെറിയുമെന്ന വിലയിരുത്തലുകളാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശരിയായിരിക്കുന്നത്.