X

ഈ വി എസ്സിന് ഇതെന്തുപറ്റി?

കെ എ ആന്റണി

വിഎസ് അച്യുതാനന്ദന്‍ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്‌. 2006 മുതല്‍ ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും തുരുപ്പുശീട്ടും സഖാവ് വിഎസ് ആയിരുന്നു. ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പിലും എന്ന് പറയേണ്ടി വരുന്നത് ചില ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും ഒരു പരിധിവരെ വിനയായത് സഖാവും പാര്‍ട്ടി സംസ്ഥാനനേതൃത്വവും തമ്മിലുള്ള അകല്‍ച്ചയായിരുന്നു എന്നതിനാലാണ്.

ഇക്കഴിഞ്ഞ തദ്ദേശ ഭരണ-നിയമസഭാ തെരഞ്ഞുടുപ്പുകളില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും ലഭിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ സഖാവ് വിഎസ് വഹിച്ച പങ്ക് ചില്ലറയൊന്നുമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ലയെങ്കിലും കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. എങ്കിലും സഖാവ് വിഎസ് ആശ വെടിഞ്ഞിരുന്നില്ലെന്നു തന്നെ വേണം കരുതാന്‍. ഈ ആശയ്ക്ക് ഹേതുവായത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ളത് സീതാറാം യെച്ചൂരി ആണെന്നത് തന്നെ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിണറായി വിജയനെ മുഖ്യമന്ത്രിയായി നിശ്ചയിക്കുന്ന വേളയില്‍ യെച്ചൂരി ചില വാഗ്ദാനങ്ങള്‍ വിഎസിന് നല്‍കിയിരുന്നതായി ചില പത്രങ്ങളും ചാനലുകളും കൊട്ടിഘോഷിച്ചിരുന്നു. അവര്‍ പറഞ്ഞത് ശരിയായിരിക്കാം, താന്‍ കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പറഞ്ഞതില്‍ നിന്ന് അത് വ്യക്തവുമായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ അദ്ദേഹം ഒരു കാര്യം കൂടി അടിവരയിട്ടു പറഞ്ഞിരുന്നു, താന്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോകുന്ന ആളല്ലെന്ന്.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിലെ കുറിപ്പ് കൈമാറ്റം എല്ലാം തകിടം മറിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. വിഎസിന് പാര്‍ട്ടിയും സര്‍ക്കാരും നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനമാനങ്ങള്‍ സൂചിപ്പിക്കുന്ന ഒരു കുറിപ്പ് യെച്ചൂരി സത്യപ്രതിജ്ഞാ ചടങ്ങിനിടയില്‍ വിഎസിന് കൈമാറി എന്നായിരുന്നു ഒരു പ്രമുഖ മലയാള പത്രത്തില്‍ വന്ന വാര്‍ത്ത. ഈ വാര്‍ത്തയെ സാധൂകരിക്കാന്‍ പോന്ന ഒരു ചിത്രവും അവര്‍ പ്രസിദ്ധപ്പെടുത്തി.  

എന്നാല്‍ ഇന്നലെ ദില്ലിയില്‍ വച്ച് യെച്ചൂരി ഇക്കാര്യം നിഷേധിച്ചതോടെ കുറിപ്പിന് പിന്നിലെ രാഷ്ട്രീയം വ്യക്തമായിരിക്കുന്നു. താന്‍ വിഎസിനല്ല വിഎസ് തനിക്കാണ് കുറിപ്പ് നല്‍കിയത് എന്നാണ് യെച്ചൂരിയുടെ വിശദീകരണം. വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ ആണ് കുറിപ്പ് എഴുതിയതെന്നും ഇത് പേഴ്സണല്‍ സ്റ്റാഫ് മുഖേന ചടങ്ങിനിടയില്‍ വിഎസിന് കൈമാറുകയും വിഎസ് അത് യെച്ചൂരിക്ക് നല്‍കുകയുമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും കുറിപ്പില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ ഇന്നലെത്തന്നെ പരസ്യമായിരുന്നു. കാബിനറ്റ്‌ റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുന:പ്രവേശനം ഇതൊക്കെയായിരുന്നത്രേ കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇപ്പറഞ്ഞ എല്ലാ പദവികള്‍ക്കും വിഎസ് എന്തുകൊണ്ടും യോഗ്യനാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. പക്ഷേ എന്തുകൊണ്ട് വിഎസ് ഇക്കാര്യങ്ങള്‍ യെച്ചൂരിയോട് നേരിട്ട് പറയാതെ ഒരു കുറിപ്പില്‍ ഒതുക്കി, പിന്നീട് ആ കുറിപ്പ് മാധ്യമശ്രദ്ധ ആകര്‍ഷിക്കും വിധം പൊതുവേദിയില്‍ വച്ച് കൈമാറി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള പ്രധാന ചോദ്യം.

മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് എതിരെ വിഎസ് ജനറല്‍ സെക്രട്ടറിയ്ക്കും സെന്‍ട്രല്‍ കമ്മിറ്റിയ്ക്കും ഒക്കെ അയക്കുന്ന കത്തുകള്‍ ദില്ലിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ കുറിപ്പ് സംബന്ധിച്ച വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച പത്രത്തിനടക്കം ചില മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ന്നു കിട്ടിയിരുന്നു എന്ന കാര്യം ഇപ്പോള്‍ ഒരുപക്ഷേ യെച്ചൂരിക്കും വ്യക്തമായിട്ടുണ്ടാവും.

സത്യത്തില്‍ ഈ കുറിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച തല ആരുടേതായിരുന്നാലും അത് വിഎസിന് വിനയായിത്തീര്‍ന്നിരിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍. ഈ കുറിപ്പിന്റെ തലവര എന്തെന്നത്‌ എന്തായാലും അധികം വൈകാതെ തന്നെ അറിയാം. സര്‍ക്കാരിന്റെ കൂടി അംഗീകാരമില്ലാതെ സഖാവ് വിഎസിനെ ഉപദേഷ്ടാവോ എല്‍ഡിഎഫ് ചെയര്‍മാനോ ആക്കാന്‍ ആവില്ല. ഇക്കാര്യം പുതിയ സര്‍ക്കാരുമായി  ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി പറയുമ്പോഴും അത് ഫലപ്രാപ്തിയിലെത്താനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ പോളിറ്റ്ബ്യൂറോയ്ക്കും സെന്‍ട്രല്‍ കമ്മിറ്റിയ്ക്കും ചെയ്യാന്‍ കഴിയുന്ന ഏകകാര്യം വിഎസിനെ സംസ്ഥാനസമിതിയിലേക്ക് തിരിച്ചെടുപ്പിക്കുക എന്നതാണ്. എന്തായാലും വിനാശകാലേ വിപരീതബുദ്ധി എന്ന നിലയില്‍ വേണം ഈ കുറിപ്പിനെ കാണാന്‍.  

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 27, 2016 12:54 pm