X

വാളയാര്‍ പീഡനം; പോലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

കേസില്‍ മൂന്ന് തവണ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ പോലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ചു. അട്ടപ്പള്ളം സ്വദേശി പ്രവീണിനെയാണ് ഇന്ന് വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വാളയാറില്‍ ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ആറ് വയസ്സുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

ഇതേതുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളുമായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കേസില്‍ മൂന്ന് തവണ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് ചോദ്യം ചെയ്തിരുന്ന പ്രവീണിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.