X

മാര്‍ക്കേസ് ഭയന്നത് സംഭവിക്കുമോ? ‘ഏകാന്തതയുടെ നൂറു വർഷങ്ങളു’മായി നെറ്റ്ഫ്ലിക്സ്

മക്കളായ റോഡ്രിഗോ ഗാർഷ്യയും ഗോൺസാല ഗാർഷ്യ ബാർച്ചയുമാണ് നിര്‍മ്മാതാക്കള്‍

ഭ്രമാത്മകതയും യാഥാർഥ്യവും കൂടിക്കലർന്ന മാജിക്കൽ റിയലിസം അനുഭവം; പൂമഴകൾ, ആൽക്കമി, മന്ത്രവാദം, മതപരമായ മായകാഴ്ചകൾ, ശൂന്യത, ചരിത്രം…തലമുറകൾ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിൻറെ “ഏകാന്തതയുടെ നൂറു വർഷങ്ങൾ” എന്ന നോവൽ  പല തലങ്ങളിലാണ് അനുഭവിക്കുന്നത്. ഏതുനിലയ്ക്കു നോക്കിയാലും മികവുറ്റ രചനയായി വാഴ്ത്തപ്പെടുന്ന നോവല്‍ വീഡിയോ സീരീസായി പുറത്തിറക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുകൂടിയായ മാർക്കേസ് എന്ന പ്രതിഭയുടെ ജന്മ സ്ഥലമായ കൊളംബിയയിൽ വെച്ചാണ് സീരിസിന്റെ ചിത്രീകരണം. നിർമാതാക്കളോ ഇദ്ദേഹത്തിന്റെ മക്കളായ റോഡ്രിഗോ ഗാർഷ്യയും ഗോൺസാല ഗാർഷ്യ ബാർച്ചയും.

അനന്ത സാധ്യതകളുള്ള ഈ നോവലിന് ഇതുവരെ ഒരു മികച്ച ദൃശ്യാവിഷ്‌കാരം പോലും ഉണ്ടാകാത്തതിൽ ആരാധകർക്ക് പലർക്കും നിരാശയുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട കൃതിയുടെ ആവിഷ്കാരങ്ങൾ നോവലിന്റെ സത്തയെ തന്നെ ചോർത്തി കളഞ്ഞേക്കുമോ എന്ന് മാർക്കേസിന് ഭയമുണ്ടായിരുന്നതുകൊണ്ടാണ് ആർക്കും നോവൽ അഡാപ്റ്റ് ചെയ്യാൻ അനുവാദം നല്കാതിരുന്നതെന്ന് അദ്ദേഹത്തിന്റെ മക്കൾ പറയുന്നു. നോവലിനെ ഒരു ഫീച്ചർ സിനിമയുടെ ഘടനയ്ക്കുള്ളിൽ ഒതുക്കുമ്പോൾ നോവൽ അനുഭവിപ്പിക്കുന്ന സുഖം മുഴുവൻ ചോർന്നു പോകുമോ എന്നായിരുന്നു മാർക്കേസിന്റെ ഒന്നാമത്തെ ഭയം. നോവലിന്റെ വേരുകൾ അടയാളപ്പെട്ട സ്പാനിഷ് ഭാഷയിലല്ലാതെ ഇത് ആവിഷ്കരിക്കുന്നത് നീതികേടാണെന്നും മാർക്കേസ് വിശ്വസിച്ചിരുന്നു. ഈ നോവൽ അനുഭവിപ്പിക്കുന്ന അസാധാരണമായ ഭ്രമാത്മകത അതേപടി ദൃശ്യങ്ങൾക്ക് പകർത്താനാകുമോ എന്നതൊക്കെ സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ ഈ നോവൽ സിനിമയോ ഡോക്യൂമെന്ററിയോ ആകാതിരുന്നത്.

ഫീച്ചർ സിനിമയുടെ സമയപരിധികളിൽ ഒതുങ്ങാതെ നെറ്റ്ഫ്ലിക്സ് സീരീസ് ആയി ചെയ്യുമ്പോൾ നോവലിനോട് പരമാവധി നീതി പുലർത്താനായേക്കുമെന്നാണ് നിർമാതാക്കളുടെ വിശ്വാസം. കഴിവുള്ള സാങ്കേതിക വിദഗ്ധരും മികച്ച സാങ്കേതിക വിദ്യയും ഒരുമിക്കുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നതിനാൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇതിന്റെ ഒരു ദൃശ്യാവിഷ്‌കാരം ചെയ്യാൻ ഇതിലും പറ്റിയ സമയമില്ലെന്നാണ് ഇവർ തറപ്പിച്ച് പറയുന്നത്. മാത്രമല്ല നെറ്റ്ഫ്ലിക്സിലെ പ്രാദേശിക ഭാഷ ചിത്രങ്ങൾക്ക് ആഗോള തലത്തിൽ പരമാവധി റീച്ച് ലഭിക്കുന്നുവെന്നതിനാൽ തന്നെ  ഭാഷയുടെ പ്രശനവും പരിഹരിക്കപ്പെടുന്നുവെന്നാണ് അവർ അറിയിക്കുന്നത്.

1967 ൽ സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത്. 1820 മുതൽ 1920 വരെയുള്ള ബുവെന്‍ഡിയ കുടുംബത്തിന്റെ കഥ പറയുന്ന നോവൽ ലാറ്റിൻ അമേരിക്കയുടെ ഒരു സംക്ഷിപ്ത ചരിത്രം കൂടിയാണ്.