X

പ്രശസ്തമായ ആ ആർഡൻ ചിത്രത്തിന് പിന്നിൽ; ഫോട്ടോഗ്രാഫർ കിർക്ക് ഹാർഗ്രീവ്സ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു

ചിത്രത്തിലുള്ളത് വെറും ഒരു പ്രധാനമന്ത്രിയുടെ രൂപമല്ല, ഒരു രാജ്യത്തെ ജനത അവരുടെ നേതാവിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ  ഒരു പ്രതിഫലനം കൂടിയാണെന്നാണ് കിർക്കിന്റെ അഭിപ്രായം. 

കറുത്ത ഹിജാബ് ധരിച്ച്, ആർദ്രതയുള്ള നോട്ടത്തോടെ നിശ്ചയദാർഢ്യം തുളുമ്പുന്ന മുഖഭാവത്തോടെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡന്റെ പ്രതിബിംബം.  പശ്ചാത്തലത്തിൽ ഫോക്കസ് ഔട്ടായി നിൽക്കുന്ന പൂക്കളും ഇലകളും മരങ്ങളുടെ നിഴലും.  ന്യൂസിലൻഡിലെ മുസ്‌ലിം പള്ളികളിൽ വെടിവെയ്പ്പ് നടന്ന് മണിക്കൂറുകൾക്കുള്ളിൽ മരിച്ചവരുടെ പ്രീയപ്പെട്ടവർക് ആശ്വാസം അറിയിക്കാനായി ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രിയുടെ ഇങ്ങനെയൊരു ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.  പള്ളികളിൽ വെടിവെയ്പ്പ് നടത്തിയ വെള്ള ഭീകരവാദി കൃത്യമായി മുസ്ലീങ്ങളെ ആണ് ലക്‌ഷ്യം വെച്ചതെന്ന് തിരിച്ചറിഞ്ഞ് അവരോട് ഐക്യപ്പെടാൻ ഇവർ ഹിജാബ് ധരിച്ചത് പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കണ്ടത്. തങ്ങളുടെ പ്രധാനമന്ത്രി ഹിജാബ് ധരിച്ച് നിൽക്കുന്ന ചിത്രം അരക്ഷിതരായ ഒരു ജനതയ്ക്ക് പുതു പ്രതീക്ഷകൾ നൽകി.

വളരെ അപ്രതീക്ഷിതമായാണ് ന്യൂസിലാൻഡ് സിറ്റി കൗൺസിൽ ഫോട്ടോഗ്രാഫർ കിർക്ക് ഹാർഗ്രീവ്സ് ചരിത്രത്തിന്റെ ഭാഗം തന്നെയായ ജെസിൻഡയുടെ ആ ചിത്രമെടുക്കുന്നത്. ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിലുണ്ടായ വെടിവെയ്പ്പ് ന്യൂസിലൻഡിന്റെ ചരിത്രത്തിലെ തന്നെ ഇരുണ്ട ദിനമാണെന്ന് പ്രഖ്യാപിച്ച് തെല്ലുപോലും വൈകാതെയാണ് ജെസിൻഡ ആർഡൻ വില്ലിംഗ്ടണിലേക്ക് കുതിച്ചത്.   കൊല്ലപ്പെട്ട അഭയാർഥികളും ന്യൂസിലൻഡിന്റെ ഭാഗം തന്നെയെന്ന് പ്രസ്താവിച്ച  ഇവർ ഹിജാബ് ധരിച്ച് കൊണ്ടാണ് മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്.  രാജ്യമാകെ അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തിൽ നടുങ്ങിയ ഘട്ടത്തിൽ ജെസിൻഡ വിശ്രമമില്ലാതെ ഓടി നടന്ന് വേണ്ട അടിയന്തിര നടപടികൾ കൈക്കൊള്ളാനൊരുങ്ങുകയായിരുന്നു.

‘വെല്ലിംഗ്ടണിൽ വെച്ച് മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികളുമായി ജെസിൻഡ കൂടി കാഴ്ച നടത്തുന്നിടത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. യോഗം നടക്കുന്ന മുറിയുടെ ഗ്ലാസ് ജനലിലൂടെ പല മാധ്യമ പ്രവർത്തകരും വീഡിയോ എടുക്കാൻ ശ്രമിച്ചെങ്കിലും പ്രകാശം അമിതമായി പ്രതിഫലിക്കുന്നതിനാൽ ആർക്കും ഗുണമേന്മയുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. മീറ്റിങിനിടയിൽ ഒരു വേള പ്രധാനമന്ത്രി ഗ്ലാസ്സിനടുത്ത് എഴുനേറ്റു നിൽക്കുന്ന ഒരു കാഴ്ച ഞാൻ കണ്ടു. ഒട്ടും  വൈകാതെ ഞാൻ പോളറൈസിങ് ഫിൽറ്ററിൽ ഒരു ഫോട്ടോയെടുത്തു. ഞാൻ വിചാരിച്ചതിലും മനോഹരവും ശക്തവുമായിരുന്നു ആ ചിത്രം. ചിത്രം ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു.  അരക്ഷിതരായ ഒരു വിഭാഗത്തോടുള്ള  കരുതൽ മുഴുവൻ അവരുടെ മുഖത്തുണ്ടായിരുന്നു.’ ഫോട്ടോ എടുത്ത തന്റെ അനുഭവത്തെ കുറിച്ച് കിർക്ക് ദി ഗാർഡിയനോട് പറയുന്നു. പ്രതീക്ഷയുടെ ചിത്രം എന്നാണ് കിർക്ക് തന്നെ താൻ എടുത്ത ഫോട്ടോയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലുള്ളത് വെറും ഒരു പ്രധാനമന്ത്രിയുടെ രൂപമല്ല, ഒരു രാജ്യത്തെ ജനത അവരുടെ നേതാവിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ  ഒരു പ്രതിഫലനം കൂടിയാണെന്നാണ് കിർക്കിന്റെ അഭിപ്രായം.

കൂടുതൽ വായനയ്ക്ക് : https://www.theguardian.com/world/2019/mar/25/an-image-of-hope-how-a-local-photographer-captured-the-famous-ardern-picture?CMP=Share_AndroidApp_WhatsApp

This post was last modified on March 26, 2019 10:26 pm