X

പഞ്ചാബിലെ ദളിത് ഗായകരും ജാതി സമവാക്യങ്ങളും

ജാതീയ അധികാരക്രമങ്ങള്‍ക്ക് എതിരായ വിപ്ലവത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് തങ്ങളുടെ ചരിത്രത്തേയും നായകരെയും പുകഴ്ത്തുന്ന പാട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് ദളിത് ഗായകര്‍ പ്രകടിപ്പിക്കുന്നത്

പഞ്ചാബിലെ ദളിത് ഗായകരെ കുറിച്ചുള്ള സമീപകാല മാധ്യമവാര്‍ത്തകള്‍ വലിയ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റിയിട്ടുണ്ട്. പഞ്ചാബില്‍ നിലനില്‍ക്കുന്ന വലിയ ജാതി സമസ്യകളുടെയും ഒരു അതിര്‍ത്തി സമൂഹം എന്ന നിലയിലുള്ള പ്രദേശത്തിന്റെ ചരിത്രപരമായ സങ്കീര്‍ണതകളുടെയും അടിസ്ഥാനത്തില്‍ വേണം പരമ്പരാഗത സംഗീതധാരയുടെ ഈ പുതിയ വളര്‍ച്ചയെ നോക്കിക്കാണാന്‍ എന്ന് ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലിബറല്‍ സ്റ്റഡീസിലെ സോഷ്യോളജി അദ്ധ്യാപകന്‍ സന്തോഷ് കെ സിംഗ് വാദിക്കുന്നു. മറ്റ് മതങ്ങള്‍ അവകാശപ്പെടുന്ന സമത്വസുന്ദരവും പുരോഹിതവാഴ്ചയ്ക്ക് എതിരായുള്ളതുമായ ലോകവീക്ഷണം എന്ന തത്വത്തില്‍ ആകൃഷ്ടരായാണ് പഞ്ചാബിലെ ദളിതര്‍ ഹിന്ദുമതത്തില്‍ നിന്നും പുതിയ വിശ്വാസങ്ങളിലേക്ക് മാറിയതെന്ന് എക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ പഠന പ്രബന്ധത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ സൈദ്ധാന്തിക പരിപ്രേക്ഷ്യവും ദൈനംദിന പ്രവര്‍ത്തന പ്രായോഗികതയും തമ്മിലുള്ള അന്തരം ഇവരില്‍ വലിയ ഞെട്ടല്‍ ഉളവാക്കി. ഇത്തരം ജാതീയ അധികാരക്രമങ്ങള്‍ക്ക് എതിരായ വിപ്ലവത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് തങ്ങളുടെ ചരിത്രത്തേയും നായകരെയും പുകഴ്ത്തുന്ന പാട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് ദളിത് ഗായകര്‍ പ്രകടിപ്പിക്കുന്നത് എന്നാണ് സന്തോഷ് കെ സിംഗിന്റെ കണ്ടെത്തല്‍. ഇതുവരെ പഞ്ചാബിലെ മേല്‍ജാതിക്കാരായ ജാട്ട് സിഖുകളുടെ നായകരെ മാത്രം പുകഴ്ത്തുന്ന ‘ജാട്ട് പോപ്’ എന്ന് പ്രാദേശികമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന സംഗീതമാണ് പ്രചാരത്തിലുണ്ടായിരുന്നത്. മതപരമായ കാര്യങ്ങളിലും ദൈനംദിന ജീവിതത്തിലും മാത്രമല്ല, കൂടുതല്‍ നിര്‍ണായകമായ ഭൂഉടമസ്ഥതയിലും ജാട്ട് സിഖുകാര്‍ അനുഭവിക്കുന്ന മേല്‍ക്കോയ്മയുടെ പ്രതിഫലനമായിരുന്നു ജാട്ട് പോപ് സംഗീതം.

പഞ്ചാബിലെ ഭൂമിയുടെ 80 ശതമാനത്തിന്റെയും ഉടമസ്ഥത ജാട്ട് സിഖുകാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് ദളിത് സമൂഹങ്ങളില്‍ നിന്നും പ്രത്യേകിച്ച് ജാദവ സമൂദായത്തില്‍ നിന്നും രവിദാസ വിശ്വാസികളില്‍ നിന്നും പുതിയ പാട്ടുകാര്‍ ഉയര്‍ന്നുവരുന്നത്. 2009ന് ശേഷം പ്രചാരം നേടിയ ‘പ്രേഷിത പാട്ടുകള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത പഞ്ചാബിന്റെ ജാതി ചരിത്രത്തെ ചോദ്യം ചെയ്യാനും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ എഴുതിച്ചേര്‍ക്കാനും പര്യാപ്തമാകുമെന്ന് സന്തോഷ് കെ സിംഗ് വാദിക്കുന്നു.

വായനയ്ക്ക്: https://goo.gl/NTyvX7