X

ഗിര്‍ വനത്തില്‍ 12 സിംഹങ്ങളുടെ ഇടയില്‍ പാതിരാത്രിയില്‍ യുവതിക്ക് പ്രസവം!

ഗുജറാത്തിലെ ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാനയെന്ന 32-കാരിയാണ് സിംഹങ്ങളുടെ ഇടയില്‍ പ്രസവിച്ചത്

ഗിര്‍ വനത്തില്‍ 12 സിംഹങ്ങളുടെ ഇടയില്‍ പാതിരാത്രിയില്‍ യുവതിക്ക് പ്രസവം. സിനിമയോ കഥയോ ഒന്നുമല്ല. സംഭവം നടന്നത് തന്നെയാണ്. ഗുജറാത്തിലെ ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാനയെന്ന 32-കാരിയാണ് സിംഹങ്ങളുടെ ഇടയില്‍ പ്രസവിച്ചത്. സംഭവം ഇങ്ങനെ- ജൂണ്‍ 29-ന് പ്രസവ വേദനയെത്തുടര്‍ന്ന് ‘108’ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു മങ്കുബെന്‍. പുലര്‍ച്ചെ രണ്ടരയോടെ കാടിന് നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര.

ഈ സമയത് ആംബുലന്‍സിന്റെ സമീപത്തേക്ക് പന്ത്രണ്ടോളം സിംഹങ്ങള്‍ കൂട്ടമായെത്തിയത്. യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്നു മനസിലാക്കിയ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന എമര്‍ജന്‍സി മാനേജ്‌മെന്റ് ടെകിനീഷ്യന്‍ (ഇഎംടി) അശോക് മക്വാന മനസാന്നിധ്യം വീണ്ടെടുത്ത് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിച്ചു. ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും, ഫോണിലൂടെ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്പ്രസവം കൈകാര്യം ചെയ്യുകയും ചെയ്തു അശോക്.

ഈ സമയത്തെല്ലാം ആംബുലന്‍സിനെ ചുറ്റി സിംഹങ്ങള്‍ നില്‍ക്കുകയായിരുന്നു. കൊടുങ്കാട്ടില്‍ മനുഷ്യമണം തുടര്‍ച്ചയായി കിട്ടിയതോടെ സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കു വരികയായിരുന്നു. പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിന് സിംഹങ്ങളുടെ പെരുമാറ്റങ്ങള്‍ മനസിലാവുമെന്നതിനാല്‍ അവരെ പ്രകോപിപ്പിക്കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു.

അരമണിക്കൂറോളം വാഹനം അവിടെ നിര്‍ത്തിയിട്ടിരുന്നു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ജാഫര്‍ബാദ് ആശുപത്രിയിലേക്ക് ആംബുലന്‍സ് എടുത്തു. ഈ സമയമത്രയും സിംഹങ്ങള്‍ വാഹനത്തിന് ചുറ്റുമുണ്ടായിരുന്നുവെങ്കിലും ശാന്തരായി ഇരിക്കുകയായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/p7WbY2