X

എന്നെ കൊല്ലാന്‍ പരിപാടിയുണ്ടോ എന്ന് താങ്കളുടെ അനുയായികളോട് ചോദിക്കൂ, മോദിക്ക് രവീഷ്‌കുമാറിന്റെ തുറന്ന കത്ത്‌

നീരജ് ദാവെ, നിഖില്‍ ദാദിച്ച് തുടങ്ങിയവരെ എന്തിനാണ് താങ്കള്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് എന്ന് രവീഷ് കുമാര്‍, മോദിയോട് ചോദിക്കുന്നു. താങ്കള്‍ക്ക് നീരജ് ദാവ, നിഖില്‍ ദാദിച്ച്, ആകാശ് സോണി എന്നിവരെ നേരിട്ട് അറിയാമെങ്കില്‍ ദയവായി അവരോട് ചോദിക്കൂ, എന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന്.

പ്രിയപ്പെട്ട പ്രധാനമന്ത്രീ, ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സ് അപ്പ് അടക്കമുള്ളവയിലൂടെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അസഭ്യ, ഭീഷണി സന്ദേശങ്ങള്‍ വായിച്ച് കേള്‍പ്പിച്ചാല്‍ ആരും ചെവി പൊത്തും. വനിത മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ അത്രയ്ക്ക് അധിക്ഷേപകരമായ ഭാഷയാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. എന്‍ഡിടിവി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരക്കാരെ പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് രവീഷ് കുമാര്‍ ഉയര്‍ത്തുന്നത്. നൈസാദക് എന്ന സ്വന്തം ബ്ലോഗിലാണ് രവീഷ് കുമാര്‍ ഇക്കാര്യം പറയുന്നത്. കത്തിന്റെ ഹാര്‍ഡ് കോപ്പി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഏഴ്, ലോഗ് കല്യാണ്‍ മാര്‍ഗിന്റെ വിലാസത്തില്‍ അയിച്ചിട്ടുണ്ട്.

നീരജ് ദാവെ, നിഖില്‍ ദാദിച്ച് തുടങ്ങിയവരെ എന്തിനാണ് താങ്കള്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് എന്ന് രവീഷ് കുമാര്‍, മോദിയോട് ചോദിക്കുന്നു. അസഭ്യം പറയുന്നത് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ നീരജ് ദാവെയുടെ മറുപടി നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നറിയുന്നതില്‍ ദുഖമുണ്ട് എന്നാണെന്ന് രവീഷ് കുമാര്‍ പറയുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന, അധിക്ഷേപകരമായ അഭിപ്രായങ്ങള്‍ നീരജ് ദാവെ ട്വീറ്റ് ചെയ്തിരുന്നു.

താങ്കള്‍ക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബോബി ഘോഷിനെ കമ്പനി നീക്കിയതെന്നും രവീഷ് കുമാര്‍ പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാനായി ഇത്തരത്തില്‍ ഇടപെടുമെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് രവീഷ് കുമാര്‍ പറഞ്ഞു. സത്യത്തിന് ഈഗോ വന്നാല്‍ പിന്നെ അത് സത്യമായിരിക്കില്ലെന്ന് എംകെ ഗാന്ധിയെ ഉദ്ധരിച്ച് രവീഷ് കുമാര്‍ പറഞ്ഞു. താങ്കള്‍ക്ക് നീരജ് ദാവ, നിഖില്‍ ദാദിച്ച്, ആകാശ് സോണി എന്നിവരെ നേരിട്ട് അറിയാമെങ്കില്‍ ദയവായി അവരോട് ചോദിക്കൂ, എന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന്. ഈ കത്തെഴുതി ഞാന്‍ താങ്കളെ അവഹേളിച്ചതായി തോന്നുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ എനിക്ക് മടിയില്ല.

– രവീഷ് കുമാര്‍

വായനയ്ക്ക്:
https://goo.gl/rrTCTn

This post was last modified on September 29, 2017 4:34 pm