X

അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും ഇടയില്‍ ചൂര മീനിന് എന്തുകാര്യം?

ഇറക്കുമതി ചെയ്യുന്ന ചൂര മത്സ്യം ഡോള്‍ഫിന്‍ മുക്തമായിരിക്കണം എന്ന യുഎസിന്റെ നിര്‍ബന്ധം

മെക്‌സിക്കോയുമായുള്ള ഒരു പ്രധാന അന്താരാഷ്ട്ര വ്യാപാരയുദ്ധത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ യുഎസിന് ദയനീയ തോല്‍വി. ചൂര മത്സ്യത്തിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഉടമ്പടി ലംഘിച്ചതിന് യുഎസിനെതിരെ പ്രതിവര്‍ഷം 163 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ഈടാക്കാന്‍ മെക്‌സിക്കോയ്ക്ക് അവകാശമുണ്ടെന്ന് അന്താരാഷ്ട്ര വ്യാപര സംഘടന ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2008ല്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൂര മത്സ്യം ഡോള്‍ഫിന്‍ മുക്തമായിരിക്കണം എന്ന യുഎസിന്റെ നിര്‍ബന്ധമാണ് തര്‍ക്കത്തിന് കാരണമായത്. മത്സ്യബന്ധനം നടത്തുന്നവര്‍ ഡോള്‍ഫിനെ വധിക്കുന്നത് ഒഴിവാക്കാനാണ് പുതിയ നിബന്ധന എന്നായിരുന്നു യുഎസിന്റെ വാദം.

ചട്ടങ്ങള്‍ക്ക് വിധേയമായാണ് തങ്ങള്‍ യുഎസിലേക്ക് ചൂര കയറ്റുമതി ചെയ്യുന്നതെന്നായിരുന്നു മെക്‌സിക്കോയുടെ വാദം. ഇതിനോട് യുഎസ് വിയോജിക്കുകയും മെക്‌സിക്കന്‍ മത്സ്യബന്ധന വ്യവസായത്തിന് അന്യായമായി പിഴചുമത്തുകയും ചെയ്തതായി മെക്‌സിക്കോ പരാതിപ്പെട്ടു. ഇതുമൂലം യുഎസ് കമ്പോളത്തില്‍ തങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വന്നുവെന്നും അതിനാല്‍ 472.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കണമെന്നുമായിരുന്നു മെക്‌സിക്കോയുടെ ആവശ്യം.

2013ല്‍ നിയമങ്ങള്‍ മാറ്റാന്‍ യുഎസ് തയ്യാറായി. എന്നാല്‍ മെക്‌സിക്കോയോട് ഇപ്പോഴും നീതി പൂര്‍വമായ സമീപനമല്ല യുഎസ് കൈക്കൊള്ളുന്നതെന്ന് ലോക വ്യാപര സംഘടന പറഞ്ഞു. 2016ല്‍ യുഎസ് വീണ്ടും നിയമം പരിഷ്‌കരിക്കുകയും ചൂര ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വരുന്ന ജൂലൈയില്‍ ലോക വ്യാപര സംഘടന ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇതിനിടയില്‍ കാനഡയുമായുള്ള യുഎസിന്റെ വ്യാപാരബന്ധങ്ങളിലും വിള്ളല്‍ വീഴാനുള്ള സാധ്യതയാണ് കാണുന്നത്. കാനഡയില്‍ നിന്നുള്ള ഇറക്കുമതി ചുങ്കം 24 ശതമാനം കണ്ട് വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച ഉത്തരവിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ ഇത് വന്‍പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/07cloY

This post was last modified on April 27, 2017 12:43 pm