X

യു കെയുടെ വെണ്ണപ്പഴക്കൊതി ചിലിയിലെ പെട്രോക്കായെ തകര്‍ക്കുന്നത് ഇങ്ങനെയാണ്

ഒരു കിലോ അവോക്കാഡോ, അതായത് മീഡിയം വലിപ്പത്തിലുള്ള രണ്ടെണ്ണം, ഉദ്പാദിപ്പിക്കണമെങ്കില്‍ ഏകദേശം രണ്ടായിരം ലിറ്റര്‍ വെള്ളം വേണം

ബട്ടര്‍ ഫ്രൂട്ടെന്നും വെണ്ണപ്പഴമെന്നും വിളിക്കുന്ന ‘അവോക്കാഡോ’ ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചിലി. പെട്രോക്കാ പ്രവിശ്യയിലെ ‘വല്‍പ്രാസിയോ’ പ്രദേശം അവോക്കാഡോയുടെ പ്രധാന വിളനിലമാണ്. ലോറെസിയ സസ്യകുടുംബത്തില്‍പ്പെട്ട വെണ്ണപ്പഴം ലോകമെമ്പാടും പ്രചാരത്തിലുണ്ട്.

എന്നാല്‍, അവോക്കാഡോ വിളയിക്കണമെങ്കില്‍ നാം വലിയ വിലതന്നെ നല്‍കേണ്ടിവരും. വെള്ളമൂറ്റിക്കുടിക്കുന്ന സസ്യമാണിത്. വരള്‍ച്ചമൂലം തങ്ങളുടെ കാര്‍ഷികമേഖല കൂടുതല്‍ വഷളായിരിക്കുകയാണെന്ന് പെട്രോക്കാ നിവാസികള്‍ പറയുന്നു. പ്രദേശത്തെ ഭൂഗർഭജലം ഊറ്റിയെടുത്ത് അമിതമായി ജലസേചനം നടത്തുന്നതിനാല്‍ പുഴകളെല്ലാം വറ്റിവരണ്ടുപോവുകയാണെന്നും കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

പെട്രോക്കാ മേഖലയിലെ പ്ലാന്‍റര്‍മാര്‍ അനധികൃതമായി നിരവധി പൈപ്പുകളും കിണറുകളും സ്ഥാപിച്ചുകൊണ്ടാണ് നദികളിൽനിന്നും വെള്ളം വഴിതിരിച്ചുവിട്ട് ജലസേചനം നടത്തുന്നത്. തല്‍ഫലമായി ഭൂഗർഭ ജലനിരപ്പ് താഴ്ന്നെന്നും, നദികൾ വറ്റിവരെണ്ടെന്നും, പ്രദേശം മൊത്തം വരള്‍ച്ചയിലായെന്നും ഗ്രാമവാസികള്‍ പറയുന്നു. ട്രക്ക് വഴി വിതരണം ചെയ്യപ്പെടുന്ന മലിന ജലം ഉപയോഗിച്ച് നിത്യവൃത്തികള്‍ ചെയ്യേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.

ഒരു കിലോ അവോക്കാഡോ, അതായത് മീഡിയം വലിപ്പത്തിലുള്ള രണ്ടെണ്ണം, ഉദ്പാദിപ്പിക്കണമെങ്കില്‍ ഏകദേശം രണ്ടായിരം ലിറ്റര്‍ വെള്ളം വേണം. നന്നായി വെള്ളമൂറ്റിക്കുടിക്കുന്ന വിളയായ ഓറഞ്ച് ഒരു കിലോ ഉദ്പാദിപ്പിക്കാന്‍ ഇതിന്‍റെ നാലിലൊന്നു വെള്ളം മതി. ‘വരൾച്ച കാരണം ജനങ്ങള്‍ രോഗബാധിതരാണ്. വലിയ കാര്‍ഷിക വ്യവസായങ്ങള്‍ കൂടുതൽ കൂടുതൽ സമ്പാദിക്കുമ്പോള്‍ ഇവിടെ ജനങ്ങള്‍ക്ക് പാചകം ചെയ്യാനും കഴുകാനും കുളിക്കാനുംവരെ വെള്ളമില്ല’ സാമൂഹ്യ പ്രവര്‍ത്തകയായ വെറോണിക്കാ വിൽചെസ് പറഞ്ഞു.

ചിലിയില്‍ ഉദ്പാദിപ്പിക്കുന്ന അവോക്കാഡോയുടെ ഭൂരിഭാഗവും മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. യു കെ-യാണ് പ്രധാന ഉപയോക്താവ്. 2013-ലേക്കാള്‍ ഇരട്ടിയിലധികം 2017-ല്‍ യുകെ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2017-ല്‍ ഏകദേശം 224,000 മെട്രിക് ടൺ അവോക്കാഡോയാണ് ചിലി മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

കൂടുതല്‍ വായിക്കാന്‍: ക്വാര്‍ട്സ്

This post was last modified on May 24, 2018 7:49 pm