X

‘മരിച്ചാല്‍ ഉടന്‍ ശാന്തി കവാടത്തിലെത്തിക്കണം, റീത്തുകളും ഔദ്യോഗിക ബഹുമതിയും വേണ്ട’ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് സുഗതകുമാരി

ഒന്നുകൂടി സൈലന്റ് വാലിയിൽ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ പോകണമെന്നുണ്ട്.

മരണാന്തരം തനിക്ക് ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന് വ്യക്തമാക്കി പ്രശസ്ത സാഹിത്യകാരി സുഗതകുമാരി. മതപരമായ വലിയ ചടങ്ങുകളുടെയും ആവശ്യമില്ല. ആരെയും കാത്തുനിൽക്കാതെ ഏറ്റവും ആദ്യം ലഭിക്കുന്ന സമയത്ത്, എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രായത്തിന്റെയും ഹൃദ്രോഗത്തിന്റെയും അവശതയിൽ കഴിയുന്ന സുഗതകുമാരിയുടെ പ്രതികരണം. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം തന്നെ ക്ഷീണിതയാക്കിയെന്നും നന്ദാവനത്തെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അവർ വ്യക്തമാക്കുന്നു.

‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. അതെനിക്ക് ആവശ്യമില്ല. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയുംവേഗം അവിടെനിന്ന് വീട്ടിൽക്കൊണ്ടുവരണം. പോലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. ഇനിയുള്ള കാലം ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി’. സുഗതകുമാരി പറയുന്നു.

‘‘ശാന്തികവാടത്തിൽ നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട’’. ഇവയുൾ‌പ്പെടെ മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്.

തന്നെ ഓർക്കാൻ സുഗതകുമാരി സ്മാരകമായി കൊതിക്കുന്നത് ഒരാൽമരം മാത്രമാണ്. ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം. ഒരുപാട് പക്ഷികൾ അതിൽവരും. തത്തകളൊക്കെവന്ന് പഴങ്ങൾ തിന്നും. ഈ മരം തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി അവർ പടുത്തുർത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത് നടണം. എന്നാൽ അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുതെന്നും അവർ വ്യക്തമാക്കുന്നു.

എന്നാൽ ബാക്കിവയ്ക്കുന്ന ചില ആഗ്രഹങ്ങൾ കൂടി പറയുന്നുണ്ട് എഴുത്തുകാരി. ‘‘ഒന്നുകൂടി സൈലന്റ് വാലിയിൽ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ പോകണമെന്നുണ്ട്. നടക്കില്ല. എൻ.വി. കൃഷ്ണവാരിയരുടെ പേരിൽ ഞങ്ങൾ അവിടെ നട്ട കാട് ഇപ്പോൾ അതിനിബിഡവനമായി മാറിയിട്ടുണ്ട്. അത് വലിയ കാടായി. അവിടെ ഒരു പുതിയ കാട്ടുറവ ഉണർന്ന് താഴേക്ക്‌ ഒഴുകുന്നുണ്ട്.’’ അതൊന്ന് കാണണം. സുഗതകുമാരി പറയുന്നു.

 

കൂടുതല്‍ വായനയ്ക്ക്- https://bit.ly/2XHsIZ3

ക്വാറി നിര്‍ത്താം, പഠനം നടത്താം, എന്നാല്‍ ക്രഷര്‍ പ്രവര്‍ത്തിച്ചോട്ടെയെന്ന് അധികൃതര്‍; ക്വാറിയില്ലെങ്കില്‍ ക്രഷര്‍ എന്തിനെന്ന് മുണ്ടത്തടം കോളനിക്കാര്‍; സമരം ശക്തമാക്കാനും തീരുമാനം

This post was last modified on June 13, 2019 8:44 am