X

ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തേക്കാള്‍ മികച്ചത് വേദങ്ങളിലെന്ന് ഹോക്കിംഗ് പറഞ്ഞു: ശാസ്ത്ര – സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ദ്ധന്‍

അതേസമയം വേദത്തില്‍ പറയുന്ന ഏത് കാര്യത്തെക്കുറിച്ച് എപ്പോള്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇത്തരത്തില്‍ ഒരു കാര്യം പറഞ്ഞു എന്ന് വ്യക്തമാക്കാന്‍ ഹര്‍ഷവര്‍ദ്ധന്‍ തയ്യാറായില്ല.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തേക്കാള്‍ മികച്ചത് വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് ഒരിക്കല്‍ പറഞ്ഞിട്ടുള്ളതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും മെഡിക്കല്‍ ഡോക്ടറുമായ ഹര്‍ഷവര്‍ദ്ധന്‍. അതേസമയം വേദത്തില്‍ പറയുന്ന ഏത് കാര്യത്തെക്കുറിച്ച് എപ്പോള്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇത്തരത്തില്‍ ഒരു കാര്യം പറഞ്ഞു എന്ന് വ്യക്തമാക്കാന്‍ ഹര്‍ഷവര്‍ദ്ധന്‍ തയ്യാറായില്ല. ഇംഫാലില്‍ മണിപ്പൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 105ാം എഡിഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോളാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കൂ. നിങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ അപ്പോള്‍ ഞാന്‍ പറഞ്ഞുതരാം എന്നാണ് ഹര്‍ഷവര്‍ദ്ധന്‍ ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം 2001ല്‍ ന്യൂഡല്‍ഹിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്മാരക പ്രഭാഷണം നടത്തവേ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞത് ജ്യോതിഷം ശാസ്ത്രത്തിന് നിരക്കാത്തത് കൊണ്ടാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരും അത് അംഗീകരിക്കാത്തത് എന്നാണ്. നേരത്തെ ഗണപതിയുടെ മൂക്കിനെ രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് ഉദാഹരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുകാട്ടിയത് 2015ലെ സയന്‍സ് കോണ്‍ഗ്രസിലായിരുന്നു.

This post was last modified on March 16, 2018 6:44 pm