X

ഇത് സ്വപ്നലോകത്തെ ബജറ്റ്; വീണ ജോര്‍ജ്ജിന്‍റെ നിയമസഭയിലെ കന്നി പ്രസംഗം

പൊതുബജറ്റിനുമേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്  ആറന്മുള എംഎല്‍എ വീണ ജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

സര്‍,

ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2016-17 ലെ പുതുക്കിയ ബജറ്റ് വലിയ ഭൂരിപക്ഷത്തോടെ കേരളത്തിലധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റാണ്. ഈ ബജറ്റിലെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുകയും ഈ ബജറ്റിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷം പറയുന്നത് ഇത് സ്വപ്‌നലോകത്തെ ബജറ്റെന്നാണ്. ഇന്ന് വളരെ കൗതുകകരമായ ഒരു കാര്യം ഈ സഭയിലുണ്ടായി. ബഹുമാനപ്പെട്ട മെമ്പര്‍ ശ്രീ ബല്‍റാം, അദ്ദേഹമുന്നയിച്ച സബ്മിഷന്‍. കാല്‍പ്പനികമെന്ന് ഇന്നലെ അവര്‍ വിശേഷിപ്പിച്ച, സ്വപ്‌നമെന്ന് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കന്ന ഈ ബജറ്റില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു റോഡ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് സബ്മിഷനിലൂടെ ബഹുമാനപ്പെട്ട മെമ്പര്‍ ഉന്നയിച്ച വിഷയം. ഈ ബജറ്റിനെ ഇവര്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും ഈ ബജറ്റിലെ പദ്ധതികള്‍ നടപ്പിലാകുമെന്നും അവര്‍ക്ക് ഉത്തമബോധ്യമുണ്ട് എന്നതിന് ഇതില്‍പ്പരം ഒരു തെളിവ് വേണോ.  

ഞാന്‍ പ്രതിനിധീകരിക്കുന്നത് ആറന്‍മുള മണ്ഡലത്തെയാണ്. ‘അന്തര്‍ജനത്തിനും കതിര്‍ബന്ധിച്ചിടും പുലയിക്കും അന്തരംഗത്തിലൊരുപോലുയിര്‍ബന്ധിച്ചിടുന്നു ഭവാന്‍’ എന്നു പാടിയ കവിരാമായണത്തിലൂടെ വരേണ്യവര്‍ഗ്ഗത്തിന്റെ സാഹിത്യകുത്തകകളെ വെല്ലുവിളിച്ച സരസകവി മൂലൂരിന്റെയും ‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ കുറത്തിയെക്കൊണ്ട് പാടിച്ച കടമ്മനിട്ടയുടെയും നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ നാട്ടില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ സ്വന്തം പ്രിയപ്പെട്ടവരുടെ മൃതദേഹവും ചുമന്നുകൊണ്ട് മൃതദേഹം അടക്കം ചെയ്യാന്‍ സ്ഥലമില്ലാതെ നെട്ടോട്ടമോടുന്ന നാടാണ്. കുടിവെള്ളമില്ലാതെ സഹോദരിമാരും അമ്മമാരും കുടിവെള്ളത്തിനായി അലയുന്ന നാടാണ് എന്റേത്. പട്ടയമില്ലാത്ത ആളുകള്‍ താമസിക്കുന്ന നാടാണ് എന്റേത്. വീടില്ലാത്തവരുടെ നാടാണ് എന്റേത്. അവര്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നു. ഇത് സ്വപ്‌നലോകത്തെ ബജറ്റാണ്. പാവങ്ങളുടെയും സാധാരണക്കാരുടെയും സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിക്കാന്‍ പോകുന്ന ആ സ്വപ്‌നങ്ങളെ ഏറ്റെടുത്തിട്ടുള്ള ബജറ്റാണ്. മൂന്നു സെന്റ് ഭൂമിയുള്ളവന്‍ സ്വന്തം വീട്ടിലെ അടുക്കള പൊളിച്ച് അവന്റെ അച്ഛന്റെയും അമ്മയുടെയും മൃതദേഹം അടക്കം ചെയ്യുമ്പോള്‍ അവന്റെ കണ്ണീരില്‍ നിന്നുയരുന്ന സ്വപ്‌നമാണ് ഈ ബജറ്റിലുള്ളത്. ജിഷയെപ്പോലുള്ള പെണ്‍മക്കളുള്ള അമ്മമാരുടെ നെഞ്ചിലെ സ്വപ്‌നമാണ് ഈ ബജറ്റിലുള്ളത്. പ്രായമായ പെണ്‍മക്കളുള്ള വീടുകളില്‍, ശൗചാലയമില്ലാത്ത വീടുകളില്‍ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ അതിന് കാവല്‍ നില്‍ക്കുന്ന അമ്മമാരുടെ, മാതാപിതാക്കളുടെ നെഞ്ചിലെ സ്വപ്‌നമാണ് ഈ ബജറ്റിലുള്ളത്. ഈ ബജറ്റിനെ ഇതിലെ പദ്ധതികളെ സാക്ഷാത്ക്കരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

എനിക്കറിയാം, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ സമ്പദ് വ്യവസ്ഥയെ കുട്ടിച്ചോറാക്കിയ യു.ഡി.എഫ്. അവരുടെ നിസഹായതയില്‍ നിന്ന് ഉയര്‍ത്തുന്ന ജല്പനങ്ങളാണിതെന്നുള്ളത് ആര്‍ക്കാണ് തിരിച്ചറിയാന്‍ കഴിയാത്തത്. അവര്‍ പറയുന്നു 2016 മാര്‍ച്ച് 31 ന് ട്രഷറിയിലുണ്ടായിരുന്നത് 1643 കോടി രൂപയാണെന്ന്. അന്ന് സബ്മിറ്റ് ചെയ്തിരുന്ന ബില്ലുകള്‍ മാറിയിരുന്നെങ്കില്‍ ട്രഷറിയില്‍ 173 കോടി രൂപയുടെ കമ്മിയുണ്ടാകുമായിരുന്നു. അവിടെ നിന്നാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങുന്നത്. ഒന്നരലക്ഷം കോടിയുടെ പൊതുകടത്തില്‍ നിന്നാണ് അടുത്ത അഞ്ചുവര്‍ഷത്തെ കേരളത്തിന്റെ ധനവിനിയോഗത്തെക്കുറിച്ചുള്ള രൂപരേഖ വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിയില്ലാതെ വീടില്ലാതെ പതിനായിരക്കണക്കിനാളുകള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ളപ്പോള്‍ ഇവരെന്താണ് ചെയ്തത്. ഭൂമാഫിയകള്‍ക്ക് എസ്റ്റേറ്റുകള്‍ക്ക് വന്‍കിടക്കാര്‍ക്ക് ഭൂമി എഴുതിക്കൊടുത്തു. അവരോട് കരുണ കാട്ടി. സമ്പദ് വ്യവസ്ഥ ഭദ്രമാണെന്നുള്ള ഇവരുടെ വാദത്തിലെ പൊള്ളത്തരത്തെ കേരളത്തിലെ ജനത തിരിച്ചറിയുന്നു. ഞാന്‍ അത്ഭുതപ്പെടുകയാണ്. കേരളത്തിലെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ അംഗീകരിക്കുവാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മടികാട്ടുന്നത്. നിങ്ങള്‍ ചെയ്തത് നല്ലതായിരുന്നുവെങ്കില്‍, നിങ്ങള്‍ ജനക്ഷേമകരമായ പരിപാടികളാണ് ചെയ്തിരുന്നതെങ്കില്‍ ഈയൊരവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാകുമായിരുന്നോ. എന്തുകൊണ്ടാണ് ഇത് അംഗീകരിക്കുവാന്‍ നിങ്ങള്‍ മടികാണിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തില്‍ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. 2006-2011 കാലഘട്ടത്തില്‍ ഡോ. തോമസ് ഐസക്ക് ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ പടിപടിയായി നികുതി വരുമാനം ഉയര്‍ത്തിക്കൊണ്ടുവന്നു. 2011 ആയപ്പോള്‍ ഏകദേശം 17.41 ശതമാനം വരെ കേരളത്തിന്റെ നികുതിവരുമാനം ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം പത്തുമുതല്‍ പതിനഞ്ചു ശതമാനം മാത്രമായി കേരളത്തിന്റെ നികുതി വരുമാനം കുറഞ്ഞത് ആരുടെ ഉത്തരവാദിത്വമാണ്. അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്തെ മൂലധനചെലവുകള്‍ക്ക് പണം കണ്ടെത്തണം. ഇവര്‍ പറയുന്നു കിസ്ബി ഒരു സമാന്തര ട്രഷറിയാണെന്ന്. ഇവര്‍ വാക്കുകള്‍ കൊണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. എന്താണ് ഡോ. തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ബജറ്റിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. മോട്ടോര്‍വാഹന നികുതിയുടെ ഒരു ശതമാനം മൂലധനനിക്ഷേപത്തിനായി മൂലധന ചെലവുകള്‍ക്കായി മാറ്റിവയ്ക്കുന്നു. ഇന്ധന സെസ്സില്‍ നിന്നും ഒരു തുക അതിനായി മാറ്റിവയ്ക്കന്നു. അതുപോലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍ഫ്രാസ്ട്രക്‍ച്ചര്‍ ഡെവലപ്പ്‌മെന്റ്. അതൊരു പ്രൊഡക്ടീവ് ഇന്‍വെസ്റ്റ്‌മെന്റാണ്. അതിന് പലിശ ആവശ്യമില്ല. അത് നിങ്ങള്‍ വീണ്ടും റവന്യൂകമ്മി വര്‍ദ്ധിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കിസ്ബിയെന്നത് ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആണ്. അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ മൂലധനനിക്ഷേപങ്ങള്‍ ഉയര്‍ത്താന്‍ വേണ്ടി, കേരളത്തിലെ മൂലധന ചെലവുകള്‍ നടത്താന്‍ വേണ്ടിയുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആണ് കിസ്ബി. സമാന്തര ട്രഷറിയെന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കണ്ട.

എന്റെ സമയം തീരുകയാണ്. ഞാന്‍ വളരെ പെട്ടെന്ന് എന്റെ വാക്കുകളെ അവസാനിപ്പിച്ചുകൊള്ളാം. പാര്‍പ്പിട പ്രശ്‌നം. നിരവധിയായിട്ടുള്ള പ്രശ്‌നങ്ങളുണ്ട്. വളരെ പെട്ടെന്ന് കുറച്ച് ചില കാര്യങ്ങള്‍ മാത്രം പറയട്ടെ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് ഇവര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയില്‍ പതിനായിരക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കുമെന്നായിരുന്നല്ലോ അവരുടെ വാഗ്ദാനം. സ്മാര്‍ട്ട് സിറ്റിയില്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തപ്പോള്‍ ലോകം കൊച്ചിയിലേക്ക് വരുമെന്നാണ് പറഞ്ഞത്. ആരാണ് വന്നത്. കലൂരിലും കടവന്ത്രയിലുമുള്ള 22 കമ്പനികളാണ് കാക്കനാട്ടേക്ക് വന്നത്. ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് . ഏതാണ് ഒരു കോടി ചതുരശ്ര അടിയുടെ ഐ.ടി. പാര്‍ക്കുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുമെന്നുള്ള എല്‍.ഡി.എഫ്. പ്രകടനപത്രികയിലെ ഉറപ്പിനെ പ്രായോഗികമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ഞാന്‍ എന്റെ പ്രിയപ്പെട്ട യുവ എം.എല്‍.എ.മാരോട് ചോദിക്കട്ടെ. പ്രതിപക്ഷത്തുള്ള എം.എല്‍.എ.മാരോട് ചോദിക്കട്ടെ. കഴിഞ്ഞ അഞ്ചുവര്‍ഷം താല്‍ക്കാലിക നിയമനങ്ങളില്‍, കോഴവാങ്ങി നിങ്ങള്‍ നടത്തിയ നിയമനങ്ങളിലെ അഴിമതിയിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

നിങ്ങള്‍ പത്തനംതിട്ട ജില്ലയിലേക്ക് വരൂ. ആദ്യത്യ ബിര്‍ലാ ഗ്രൂപ്പിന്റെ മോര്‍ മാര്‍ക്കറ്റിന്റെ സോണല്‍ മാനേജരുടെ ഭാര്യ ജോലി ചെയ്യുന്നത് എവിടെയാണെന്ന് നിങ്ങള്‍ക്കറിയാമോ? നന്മയുടെ പത്തനംതിട്ടിയിലെ റീജണല്‍ ഓഫീസിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഇതാരെ സഹായിക്കാനാണ്. ഇവര്‍ പറയുന്നു, കേരളത്തിലെ പൊതുവിതരണത്തെ ശക്തിപ്പെടുത്തുന്നില്ലായെന്ന്. കഴിഞ്ഞ് അഞ്ചുവര്‍ഷം അതിനെ ദുര്‍ബലപ്പെടുത്തിയവരാണ് പറയുന്നത് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനോടകം ശക്തിപ്പെടുത്തിയിട്ടില്ലായെന്നത് ബഹുമാനപ്പെട്ട എം.എല്‍.എ.മാരെ ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ.

അടുത്തത് സ്ത്രീതുല്യത സമ്പന്ധിച്ച് ഒരു വനിതാ എം.എല്‍.എ. എന്ന നിലയില്‍ തന്നെ പറയട്ടെ ഈ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതികളെ ഞാന്‍ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. സ്ത്രീയുടെ ഭദ്രത അവളെ സാമ്പത്തികമായി സ്വതന്ത്രമാക്കുന്നതിലൂടെ സാദ്ധ്യമാകും എന്ന ലക്ഷ്യത്തോടെ ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളെ ജന്‍ഡര്‍ ബജറ്റ്, ജന്‍ഡര്‍ ഓഡിറ്റിംഗ് തുടങ്ങിയ എല്ലാ പദ്ധതികളെയും സര്‍വ്വാത്മനാ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. സ്ത്രീകള്‍ക്ക് ഒരു വകുപ്പ് തന്നെ ഈ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്.  

ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ ഈ ബജറ്റില്‍ ഉടനീളം ആവര്‍ത്തിച്ചുകൊണ്ട് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയം ചികയുകയാണ് ബഹുമാനപ്പെട്ട പ്രതിപക്ഷം ചെയ്യുന്നത്. പക്ഷേ എനിക്കു സന്തോഷമുണ്ട് കാരണം, ശ്രീനാരായണ ഗുരുദേവന്റെ വാക്ക് പറയുന്നതും അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നതും ഒരു സാംസ്‌കാരിക പ്രതിരോധമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുയെും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ കേരളം ഉണ്ടാക്കിയ മൂല്യങ്ങളെയും തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ കക്ഷികള്‍ ആ രീതിയില്‍ പറയുമ്പോള്‍ അത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. തീര്‍ച്ചയായിട്ടും ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ഈ ബജറ്റിനെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on July 14, 2016 7:38 pm

Related Post
Leave a Comment