X

മതപരിവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് വിഎച്ച്പി ഭീഷണി


അഴിമുഖം പ്രതിനിധി

വിഷലിപ്ത പ്രസ്താവനകളുമായ വീണ്ടും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ഹരിയാനയിലെ ഹിസാറില്‍ പള്ളി പൊളിച്ച സംഭവത്തെ ന്യായീകരിച്ചുകൊണ്ട്, വത്തിക്കാനില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ക്രിസ്ത്യാനികള്‍ അനുവദിക്കുമോ എന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി സുരേന്ദ ജെയിന്‍ ചോദിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിച്ചിരിക്കെ വിഎച്ച്പി നേതാവ് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന വിവാദമാവുകയാണ്. ഹിസാറില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ച് ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ഇനിയും അത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാവുമെന്നും വിഎച്ച്പി നേതാവ് ഭീഷണി മുഴക്കി. ബംഗാളില്‍ 71 വയസായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടെന്ന വാദം തള്ളിയ സുരേന്ദ്ര ജയിന്‍, കന്യാസ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നത് ക്രിസ്ത്യന്‍ സംസ്‌കാരമാണെന്നും പറഞ്ഞു. സ്വവര്‍ഗ്ഗ ലൈംഗീകകതയ്ക്ക് അംഗീകാരം നല്‍കണമെന്ന് കാണിച്ച് 5000 പരാതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാര്‍പ്പാപ്പയ്ക്ക് ലഭിച്ചത്. 

ദൈവങ്ങള്‍ അമ്പലങ്ങളില്‍ മാത്രമാണ് കുടിയിരിക്കുന്നതെന്ന് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയെയും സുരേന്ദ്ര ജെയിന്‍ ന്യായീകരിച്ചു.

 

This post was last modified on December 27, 2016 2:51 pm