ദീപിക പദുക്കോണിനേയും രണ്‍വീര്‍ സിംഗിനേയും പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പുതിയ ചിത്രം പദ്മാവതിയുടെ ട്രെയ്ലറെത്തി. 13, 14 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന രജപുത്ര രാജ്ഞി റാണി പദ്മിനിയുടേയും (പദ്മാവതി) ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദീന്‍ ഖില്‍ജിയുടേയും കഥയാണ് പദ്മാവതി. ട്രെയ്ലര് കണ്ടതിന് ശേഷം ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. അമിതാഭ് ബച്ചന്, ഋത്വിക് റോഷന്, ബാഹുബലി സംവിധായകന് എസ്എസ് രാജമൗലി, ഫറാന്‍ അക്തര്‍ തുടങ്ങിയവരെല്ലാം അഭിനന്ദനവുമായി എത്തി. രണ്‍വീര്‍ സിംഗിനെ രാജമൗലി പ്രത്യേകം അഭിനന്ദിച്ചു. ഭയപ്പെടുത്തുന്ന രൂപവും പെരുമാറ്റവുമാണ് രണ്വീറിന്റേതെന്ന് രാജമൗലി പറഞ്ഞു.
ഇതിനിടെ അഭിനന്ദന പ്രവാഹത്തിനിടയില് നായകന് രണ്‍വീര്‍ സിംഗ് കരഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ട്രെയ്ലറുമായി ബന്ധപ്പെട്ട് ആരാധകരുമായി ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ സംഭാഷണത്തിലാണ് വികാരാധീനനായി രണ്‍വീര്‍ കരഞ്ഞത്. ബന്‍സാലിയുടെ ചോരയിലും കണ്ണീരിലുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് രണ്‍വീര്‍ സിംഗ് അഭിപ്രായപ്പെട്ടു.
ഇത്രയും വലിയ സ്നേഹവും അംഗീകാരവും താന്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് അദ്ഭുതം തോന്നുന്നതായി ദീപിക പദുക്കോണ്‍ ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ ഒന്നിനാണ് പദ്മാവതി തീയറ്ററുകളിലെത്തുന്നത്. ദീപിക പദുക്കോണിനേയും രണ്‍വീര്‍ സിംഗിനെയും കൂടാതെ ഷാഹിദ് കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
This post was last modified on October 10, 2017 2:25 pm