തിരുവനന്തപുരം തിരുമലയ്ക്ക് സമീപം ശാഖ നടത്താനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പൊറ്റയില്‍ വയലിക്കട ഗ്രൗണ്ടില്‍ ബാഡ്മിന്റണ്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി സ്ഥലം പിടിച്ചെടുക്കുന്നതാണ് വീഡിയോയില്‍.
യാതൊരു പ്രകോപനവുമില്ലാതെ, കളിസ്ഥലത്തെത്തി ദണ്ഡ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അധ്യാപകനായ ഷാജി തകിടിയില്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന നെറ്റ് ആക്രമികള്‍ അഴിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവ് ആയി പോസ്റ്റ് ചെയ്തയാളുടെ മൊബൈല്‍ ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങുന്നുമുണ്ട്.
വിദേശ മലയാളിയുടെ കാടുപിടിച്ച് കിടന്ന ഭൂമിയുടെ ഒരുഭാഗം അദ്ദേഹത്തിന്റെ അനുവാദത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ കളിസ്ഥലമാക്കിയെടുത്തത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കുട്ടികളും ചെറുപ്പക്കാരും ഇവിടെ കളിക്കാനെത്തുന്നതായി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറച്ചു നാള്‍ മുമ്പ് ഈ ഗ്രൗണ്ട് ശാഖ നടത്താനായി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രാദേശിക നേതൃത്വം ചെറുപ്പക്കാരെ സമീപിച്ചിരുന്നു. എന്നാല്‍ കളിക്കാനാണ് സ്ഥലം നല്‍കിയതെന്നും ശാഖ നടത്താന്‍ അനുവദിക്കില്ലെന്നും ഉടമസ്ഥന്‍ പറഞ്ഞതോടെ തുടര്‍ന്നും കളിസ്ഥലമായി ഉപയോഗിച്ചു വരികയായിരുന്നു.
പൊറ്റയില്‍ ക്ഷേത്രോത്സവത്തിനിടെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച മണ്ഡലം കാര്യവാഹക് ചിപ്പന്‍ ഷിബു, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ സഹായിയായിരുന്ന ശ്രീജിത്ത്, കൊല്ലത്തെ ആര്‍എസ്എസ് പ്രചാരകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നും ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എസ്എസ് നിരന്തരമായി ആക്രമണം അഴിച്ചുവിടുന്ന പ്രദേശമാണ് ഇതെന്ന് ഷാജി അഴിമുഖത്തോട് പറഞ്ഞു. പൊറ്റയില്‍ പ്രദേശത്ത് മുമ്പും ഇവര്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിപിഎം പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറുണ്ടാകുകയും മറ്റ് ആക്രമണങ്ങളുണ്ടാകുകയും ചെയ്ത സ്ഥലമാണ് വിളവൂര്‍ക്കല്‍. സ്ഥലം ഒഴിപ്പിക്കുന്നത് ഇവര്‍ക്ക് സ്വസ്ഥമായിരുന്ന് മദ്യപിക്കാനാണെന്നും ആരോപണമുണ്ട്. മദ്യപാനികളും സ്ഥിരം സാമൂഹ്യവിരുദ്ധരുമായ ആര്‍എസ്എസ് സംഘത്തെ ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് പ്രദേശവാസികളെന്നും പോസ്റ്റില്‍ പറയുന്നു.
This post was last modified on September 17, 2017 8:10 pm
Leave a Comment