X

ദിലീപ് അനുകൂല ലേഖനം: സെബാസ്റ്റ്യന്‍ പോളിനെതിരെ കലാപമുയര്‍ത്തിയ എഡിറ്റോറിയല്‍ ടീം സൗത്ത് ലൈവ് വിടുന്നു

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സിപി സത്യരാജ്, അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവരെ വിളിച്ചാണ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

ദിലീപ് അനുകൂല ലേഖനത്തിന്റെ പേരില്‍ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ പ്രതിഷേധമുയര്‍ത്തിയ എഡിറ്റോറിയല്‍ ടീം സൗത്ത് ലൈവ് വിട്ട് പുറത്തേയ്ക്ക്. മാധ്യമപ്രവര്‍ത്തകര്‍ ഓരോരുത്തരായി രാജി വച്ച് പുറത്ത് പോവുകയാണ്. ഇന്നലെ കമ്പനി എംഡി സാജ് കുര്യന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍കെ ഭൂപേഷ് അടക്കമുള്ളവരെ വിളിച്ച് രാജി ആവശ്യപ്പെട്ടിരുന്നു. എന്‍കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സിപി സത്യരാജ്, അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവരെ വിളിച്ചാണ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. നിയമന ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുകയും നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് തങ്ങള്‍ മൂന്ന് പേരും രാജിക്കത്ത് നല്‍കിയതായി എന്‍കെ ഭൂപേഷ് അഴിമുഖത്തോട് പറഞ്ഞു. നിയമന ഉത്തരവില്‍ പറയുന്ന പ്രകാരം കാര്യങ്ങള്‍ ചെയ്യുകയും തരാനുള്ള പണം ചെക്കായി തരുകയും ചെയ്തിട്ടുണ്ട്. ഇവര്‍ മൂന്ന് പേരും രാജി നല്‍കിയതിന് പിന്നാലെ ഇന്ന് സബ് എഡിറ്റര്‍മാരും ട്രെയ്‌നികളും അടക്കമുള്ള മറ്റ് മാധ്യമപ്രവര്‍ത്തകരും രാജിക്കത്ത് കൊടുത്തു തുടങ്ങിയിട്ടുണ്ട്്. മറ്റുള്ളവര്‍ ഒരു മാസത്തെ നോട്ടീസ് പിരീഡിലാണ് രാജിക്കത്ത് കൊടുത്തിരിക്കുന്നത്.

“സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം” എന്ന പേരിലുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഇരയാക്കുന്നു, വേട്ടയാടുന്നു എന്നെല്ലാം വാദിക്കുന്നതായിരുന്നു ലേഖനം. ചീഫ് എഡിറ്റര്‍ എഴുതിയ ലേഖനത്തിനെതിരെ എഡിറ്റോറിയല്‍ ടീം ഒന്നടങ്കം രംഗത്ത് വരുന്ന സാഹചര്യമാണ് സൗത്ത് ലൈവിലുണ്ടായിരുന്നത്. ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്‍റെ എതിര്‍പ്പോടെയാണ് പ്രസിദ്ധീകരിച്ചത് എന്ന് പറഞ്ഞ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തെയും ഈ ലേഖനത്തെ ന്യായീകരിച്ച് അദ്ദേഹം അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തേയും മാനേജ്‌മെന്റ് ന്യായീകരിക്കുകയും ഈ നിലപാട് അംഗീകരിക്കാത്തവര്‍ രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മാനേജ്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സാജ് കുര്യനും സിഇഒ ജോഷി സിറിയകും മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചിരുന്നത്. അതേസമയം ഈ ആവശ്യം രേഖാമൂലം എഴുതിത്തരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുന്‍ എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയുമായിരുന്ന എംപി ബഷീര്‍ അടക്കമുള്ളവര്‍ സെബാസ്റ്റ്യന്‍ പോളിനെ രൂക്ഷമായി വിമര്‍ശിച്ചും എഡിറ്റോറിയല്‍ ടീമിനെ പിന്തുണച്ചും രംഗത്തെത്തെിയിരുന്നു. നിസാം ചെമ്മാട്, സികേഷ് ഗോപിനാഥ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ രാജി തീരുമാനം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹത്തിന് രണ്ടാഴ്ച മുന്‍പ് ജോലി നഷ്ടപ്പെടുന്നത് പ്രയാസകരമാണെന്നും ഇത്രയും ലജ്ജാകരവും അപഹാസ്യവുമായ നിലപാട് സ്വീകരിച്ച സ്ഥാപനത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്ത് തുടരാനാകില്ലെന്നും നിസാം പറയുന്നു.

This post was last modified on September 17, 2017 4:47 pm