അഴിമുഖം പ്രതിനിധി
അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുകൊണ്ട് ബാങ്കുകള്‍ ഒരു രൂപ പോലും തന്റെ കൈയില്‍ നിന്നും കിട്ടില്ലെന്ന് വിജയ് മല്യ. ഇന്ത്യയില്‍ നിന്നും നിര്‍ബന്ധിച്ച് നാടുകടത്തപ്പെട്ടയാളാണ് താനെന്നും മല്യ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മല്യയുടെ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.
ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയില്‍ തുടരുന്നതാണ് നല്ലതെന്നും വിജയം മല്യ പറയുന്നു. നിലവില്‍ ഈ രാജ്യം വിട്ടുപോകാന്‍ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ വ്യക്തമാക്കുന്നുണ്ട്. ബാങ്കുകളുമായി ചര്‍ച്ച നടത്തിയിരുന്നു. വായ്പ തുക അടച്ചു തീര്‍ക്കണമെന്നാണ് തന്റെയും ആഗ്രഹമെങ്കിലും ബാങ്കുകള്‍ കാണിക്കുന്നതുപോലെ വലിയ തുക നല്‍കാന്‍ കഴിയില്ല. കുടിശിക എത്രയാണെന്നു ബാങ്കുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ അത് തനിക്ക് താങ്ങാന്‍ കഴിയുന്നതായിരിക്കണമെന്നും മല്യ പറയുന്നു. 6,868 കോടി തിരിച്ചടയ്ക്കാമെന്നു താന്‍ പറഞ്ഞതാണെങ്കിലും തന്റെ തീരുമാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളുകയായിരുന്നുവെന്നും മല്യ അഭിമുഖത്തില്‍ പറയുന്നു.
9400 കോടിയുടെ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്ത വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ് താമസം. മല്യക്കെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. നിലവില്‍ രാജ്യസഭ എംപിയായ മല്യയെ സഭയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്.
This post was last modified on December 27, 2016 4:03 pm
Leave a Comment