X

വിജയ് മല്ല്യ രാജ്യം വിട്ടു

അഴിമുഖം പ്രതിനിധി

വിവാദ മദ്യ വ്യവസായും ബാങ്കുകള്‍ക്ക് 7000 കോടി രൂപയിലധികം കടക്കാരനുമായ വിജയ് മല്ല്യ മാര്‍ച്ച് രണ്ടാം തിയതി രാജ്യം വിട്ടുവെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മല്ല്യ രാജ്യം വിടുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടയിലാണ് അറ്റോര്‍ണി ജനറല്‍ മുകുല്‍ റോത്തഗി ഇക്കാര്യം കോടതിയെ അറിയിച്ചത്. സിബിഐ നല്‍കിയ വിവരമാണ് റോത്തഗി കോടതിയെ അറിയിച്ചത്.

പാസ് പോര്‍ട്ട് കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ മല്ല്യയ്ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മല്ല്യയുടെ രാജ്യസഭാ ഇമെയിലിലേക്ക് നോട്ടീസ് അയക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി വായ്പ നല്‍കിയ 17 ബാങ്കുകളാണ് മല്ല്യ രാജ്യം വിട്ടു പോകുന്നത് തടയണം എന്നാവശ്യപ്പെട്ട് കോടതി സമീപിച്ചത്.

This post was last modified on December 27, 2016 3:48 pm