X

പ്രണയമില്ലാതെ വീല്‍ച്ചെയര്‍ ഉന്താന്‍ സാധിക്കുമോ? മുന്‍ ലൈംഗിക തൊഴിലാളിയും അംഗപരിമിതനും തമ്മിലുള്ള പ്രണയകഥ

ലൈംഗീക തൊഴിലാളിയായിരുന്ന രാജ്യ ബീഗത്തിന്റെയും അംഗപരിമിതിയുള്ള യാചകനായ അബ്ബാസ് മിയയുടെയും കഥയാണ് ഇന്റര്‍നെറ്റിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്

ജീവിതം മിക്കപ്പോഴും വളരെ ബുദ്ധിമുട്ടേറിയ ഒന്നാവാം. ചിലപ്പോഴെങ്കിലും ക്രൂരവും. അതിനെ നേരിടാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം സ്‌നേഹമാണെന്ന് ഉദ്‌ഘോഷിക്കപ്പെടാറുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ അപമാനിക്കപ്പെടുകയും ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ നിന്നാണ് വരുന്നതെങ്കില്‍. ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നും വന്ന രണ്ട് പേരുടെ പ്രണയകഥയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

ലൈംഗീക തൊഴിലാളിയായിരുന്ന രാജ്യ ബീഗത്തിന്റെയും അംഗപരിമിതിയുള്ള യാചകനായ അബ്ബാസ് മിയയുടെയും കഥയാണ് ഇന്റര്‍നെറ്റിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള പ്രമുഖ ഫോട്ടോഗ്രാഫറായ ജിഎംബി ആകാശിന്റെ പോസ്റ്റ് ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. വളരെ വിശദമായ പോസ്റ്റില്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടതകള്‍ രാജ്യ ബീഗം വിശദീകരിക്കുന്നു. എങ്ങനെയാണ് ലൈംഗിക തൊഴിലിന്റെ ഇരുണ്ട ലോകത്തിലേക്ക് താന്‍ വലിച്ചെറിയപ്പെട്ടതെന്ന് അവര്‍ വ്യക്തമാക്കുന്നു. ഒപ്പം പല തവണ രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥയും.
രോഷവും നിസഹായതയും സഹിച്ചത് മകള്‍ തുമ്പയ്ക്ക് വേണ്ടിയായിരുന്നു എന്ന് രാജ്യ ബീഗം പറയുന്നു.

എന്നാല്‍ താന്‍ ലൈംഗീക തൊഴിലാളിയാണെന്ന് മകളോട് തുറന്നുപറയാനുള്ള ധൈര്യം അവര്‍ക്കുണ്ടായിരുന്നില്ല. തന്നെ ‘ഉപയോഗിക്കാതെയും’ തന്നില്‍ നിന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെയും മറ്റുള്ളവര്‍ തന്നെ സഹായിച്ചിരുന്നെങ്കിലെന്ന് അവര്‍ എപ്പോഴും ആശിച്ചിരുന്നു. ഒടുവില്‍ മഴയുള്ള ഒരു രാത്രിയില്‍ അത് സംഭവിക്കുക തന്നെ ചെയ്തു. നിരാശയായി വഴിയരുകില്‍ നിന്നിരുന്ന രാജ്യ ബീഗത്തിനെ ഒരാള്‍ സമീപിച്ച് പണം വാഗ്ദാനം ചെയ്തു. തിരികെ ഒന്നും പ്രതീക്ഷിക്കാതെ. ‘എന്റെ ജീവിതത്തില്‍ ആദ്യമായി എന്നെ ഉപയോഗിക്കാതെ ഒരാള്‍ എനിക്ക് പണം തന്നു. അന്ന് എന്റെ കുടിലിലേക്ക് മടങ്ങുന്നതിനിടയില്‍ ഞാന്‍ കരഞ്ഞു. സ്‌നേഹിക്കപ്പെടുക എന്ന വികാരം അന്ന് ആദ്യമായി ഞാന്‍ അനുഭവിച്ചു,’ എന്ന് ബീഗം പറയുന്നു.
സംഭവത്തില്‍ ബീഗം വല്ലാതെ വികാരാധീനയായി.

നിരവധി ദിവസങ്ങള്‍ ആ കരുണാമയനായ മനുഷ്യനെ അന്വേഷിച്ച് നടന്നെങ്കിലും അവര്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഒടുവില്‍ ഒരു മരത്തണലില്‍ അദ്ദേഹം വിശ്രമിക്കുന്നത് അവര്‍ കണ്ടെത്തി. അംഗപരിമിതനായത് കാരണം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോയിരുന്നു. തനിക്കിനി ഒരിക്കലും പ്രണയിക്കാനാവില്ലെന്നും എന്നാല്‍ ജീവിതകാലം മുഴവന്‍ താന്‍ അദ്ദേഹത്തിന്റെ വീല്‍ച്ചെയര്‍ ഉന്തി നടക്കാമെന്നും അവര്‍ അബ്ബാസ് മിയയ്ക്ക് വാക്ക് നല്‍കി. എന്നാല്‍ പ്രണയമില്ലാതെ ആര്‍ക്കും വീല്‍ച്ചെയര്‍ ഉന്താന്‍ സാധിക്കില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മിയയുടെ ഉത്തരം.

അവര്‍ വിവാഹിതരായിട്ട് ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജീവിതം അത്ര എളുപ്പമല്ല ഈ ദമ്പതികള്‍ക്ക്. എന്നാല്‍ ഇനിയൊരിക്കലും രാജ്യ ബീഗത്തെ തെരുവോരത്തെ മരത്തണലില്‍ നിറുത്തി കരയിക്കില്ല എന്ന തന്റെ വാക്ക് അബ്ബാസ് മിയ പാലിക്കുന്നു.

This post was last modified on May 16, 2017 4:54 pm